ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയൻ ബോണപ്പാർട്ടിന്റെ തൊപ്പി ലേലത്തില്‍ വിറ്റത് റെക്കോർഡ് തുകയായ 2.1 മില്ല്യണ്‍ ഡോളറിന് (17.4 കോടി).ഞായറാഴ്ച ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നടന്ന ലേലത്തിലാണ് തൊപ്പി വിറ്റത്. ‘എന്‍ ബാറ്റയില്‍’ എന്നറിയപ്പെടുന്ന തൊപ്പി ബികോർൺ ബ്ലാക്ക് ബീവർ എന്ന സ്ഥാപനമാണ് ലേലത്തിനു വച്ചത്.
ഫ്രഞ്ച് പതാകയുടെ നീല, വെള്ള, ചുവപ്പ് നിറങ്ങളടങ്ങിയ ചിഹ്നമുള്ള കറുത്ത തൊപ്പിയാണ് ലേലത്തിൽ വച്ചിരുന്നതെന്ന് ലേലത്തിന് നേതൃത്വംനല്‍കിയ ജീനെ പിയറി ഓസ്‌നെറ്റ് പറഞ്ഞു. കഴിഞ്ഞവര്‍ഷം മരിച്ച വ്യവസായിയുടെ സ്വകാര്യശേഖരത്തിലുണ്ടായിരുന്ന തൊപ്പിയാണിത്. ലോകമെമ്പാടുമുള്ള ആളുകള്‍ തൊപ്പി വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നതായും പിയറി ഓസ്‌നെറ്റ് വ്യക്തമാക്കി. എന്നാല്‍, തൊപ്പി ലേലത്തിൽ പിടിച്ചയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
നെപ്പോളിയന്റെ മറ്റൊരു തൊപ്പി 2014 -ല്‍ ഇതേ സ്ഥാപനം നടത്തിയ ലേലത്തില്‍ വിറ്റുപോയിരുന്നു. ആ തുകയെയും മറികടന്നാണ് ഞായറാഴ്ച ലേലത്തില്‍ തൊപ്പി വിറ്റുപോയത്. അഞ്ചു മുതൽ ഏഴുകോടി വരെയായിരുന്നു പ്രതീക്ഷിച്ചിരുന്ന തുകയെന്നും ലേലസ്ഥാപനം അറിയിച്ചു. 15 വര്‍ഷത്തിനിടെ നെപ്പോളിയന്‍ ഇത്തരത്തിലുള്ള 120 തൊപ്പികള്‍ കൈവശം വച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. അവയില്‍ മിക്കവയും ഇന്ന് സ്വകാര്യശേഖരങ്ങളിലാണുള്ളത്.