Monday, November 25, 2024

നാരായണ്‍പൂര്‍ അക്രമം: ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്ത ക്രിസ്ത്യാനികള്‍ താമസിക്കുന്നത് സ്റ്റേഡിയത്തില്‍; വിദ്യാഭ്യാസം അന്യമായ വേദനയില്‍ കുട്ടികളും

ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ നിന്ന് അന്ത്യശാസനം ലഭിച്ചതിനെത്തുടര്‍ന്ന്, 16 കാരനായ സുക്ലു പൊതായ്, കഴിഞ്ഞയാഴ്ച, ഛത്തിഷാറിലെ കാങ്കര്‍ ജില്ലയിലെ ദേവ്ഗാവ് ഗ്രാമത്തിലുള്ള തന്റെ വീട് വിട്ട് അമ്മയ്ക്കും മൂന്ന് ഇളയ സഹോദരങ്ങള്‍ക്കും ഒപ്പം ഇറങ്ങി. ”ഒന്നുകില്‍ ക്രിസ്തുമതത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാനോ അല്ലെങ്കില്‍ ഗ്രാമം വിട്ടുപോകാനോ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. എന്റെ അച്ഛന്‍ അവിടെ തന്നെ തുടര്‍ന്നു. പക്ഷേ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു’. ശൂന്യമായ ഒരു ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ അകത്തിരുന്ന് അവന്‍ വിറയലോടെ പറഞ്ഞു.

സമാന അനുഭവത്തിലൂടെ കടന്നുപോകുന്ന മറ്റ് 125 പേരോടൊപ്പമാണ് ഗോണ്ട് ഗോത്രവര്‍ഗക്കാരനായ ഈ പതിനാറുകാരനും ഉള്ളത്. അവരില്‍ 36 പേര്‍ കുട്ടികളാണ്. കഴിഞ്ഞ മാസം മുതല്‍ നാരായണ്‍പൂരിലെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇവരെല്ലാം താമസിക്കുന്നത്. ക്രിസ്ത്യന്‍ വിശ്വാസത്തെ പിന്തുടരുന്ന ന്യൂനപക്ഷ ഗോത്രവര്‍ഗക്കാര്‍ക്കും ക്രിസ്ത്യന്‍ ഇതര ഗോത്രവര്‍ഗക്കാര്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കത്തെ തുടര്‍ന്ന് ഭട്പാല്‍, കുല്‍ഹദ്ഗാവ്, ബോറവാണ്ട് എന്നീ ഗ്രാമങ്ങളിലെ ജനങ്ങളെല്ലാം പലായനം ചെയ്തിരിക്കുകയാണ്.

ക്രിസ്ത്യാനികളെ ആക്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍, രണ്ട് ഗ്രൂപ്പുകള്‍ക്കെതിരെ കുറഞ്ഞത് 10 എഫ്‌ഐആറുകളെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നാരായണ്‍പൂര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 18 ന്, നൂറുകണക്കിന് ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ സഹ ഗ്രാമവാസികളുടെ പീഡനവും അക്രമവും ആരോപിച്ച് കളക്ടറുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. 500-ഓളം പ്രതിഷേധക്കാരില്‍ ഏകദേശം 375 പേരെ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചയച്ചത് ജില്ലാ ഭരണകൂടം സര്‍പഞ്ച് (ഗ്രാമത്തലവന്‍), ഗയ്ത (ഗോത്രവിഭാഗം തലവന്‍), പട്ടേലുകള്‍ (ഉന്നതനായ ഒരാള്‍) എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണെന്ന് നാരായണപൂര്‍ കളക്ടര്‍ അജീത് വസന്ത് പറഞ്ഞു. എന്നിരുന്നാലും, പൊതായിയുടേതുള്‍പ്പെടെ 31 ഓളം കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തന്നെ തങ്ങി.

‘ആദിവാസി സമുദായങ്ങളിലെ മുതിര്‍ന്നവരുമായി ഒരു മീറ്റിംഗ് നടത്തി ഞങ്ങള്‍ ഈ 125 പേരെ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചയക്കേണ്ടതായിരുന്നു. എന്നാല്‍ ജനുവരി 2 ന് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുകയും പള്ളി ആക്രമിക്കപ്പെടുകയും ചെയ്തു. അതിനാല്‍ പദ്ധതി മാറ്റിവയ്‌ക്കേണ്ടി വന്നു’. കളക്ടര്‍ വസന്ത് പറഞ്ഞു. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ വരാനിരിക്കുന്നതിനാല്‍, കുടിയിറക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാന്‍ ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2011 ലെ സെന്‍സസ് പ്രകാരം, നാരായണ്പൂരിലെ ഏറ്റവും വലിയ മതവിഭാഗമാണ് ഹിന്ദുക്കള്‍. 92.38 ശതമാനമാണവര്‍. ക്രിസ്ത്യാനികള്‍ 0.43 ശതമാനം മാത്രമാണുള്ളത്. ജില്ലയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആദിവാസികളാണെന്നും ഭരണകൂടം പറയുന്നു.

2014-ല്‍ മാലിങ്കാനറില്‍ അമ്മായിയോടൊപ്പം താമസിക്കാന്‍ പോയപ്പോഴാണ് താന്‍ ആദ്യമായി ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടനായതെന്ന് 16 കാരനായ പൊതായി പറയുന്നു. ‘എന്റെ അച്ഛന്‍ ധാരാളം കുടിക്കും, ഞങ്ങളെ പരിപാലിക്കുന്നില്ല. എനിക്ക് അഞ്ച് സഹോദരങ്ങളുണ്ട്; മറ്റൊരാള്‍ ശിശുവായിരിക്കെ മരിച്ചു. എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ അവര്‍ക്ക് ഗുരുതരമായ ഒരു അസുഖം വന്നു. ഒരു ആദിവാസി ഡോക്ടര്‍ മരുന്നുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മാലിങ്കാറിലെ ഒരു ഗോണ്ടി പള്ളിയില്‍ പോകുന്ന എന്റെ അമ്മായി യേശുവിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. താമസിയാതെ, എന്റെ അമ്മയ്ക്ക് സുഖമായി. എന്റെ സഹോദരിയും ജനിച്ചു. അതോടെ എന്നെപ്പോലെ എന്റെ അമ്മയും ക്രിസ്തുമതത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി. എന്റെ പിതാവ് ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നവുമില്ല’. പൊതായി പറയുന്നു. ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവരെല്ലാം പൊതായിയെപ്പോലെ വ്യക്തിപരമായ അനുഭവം കൊണ്ടാണ് അതിന് തയാറായത്.

ഡിസംബര്‍ പകുതി മുതല്‍ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസികളും ഗോത്രവര്‍ഗ ക്രിസ്ത്യാനികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. നാരായണ്‍പൂരിലെ എഡ്ക ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഈ പ്രദേശത്ത് മതപരിവര്‍ത്തനം വര്‍ദ്ധിക്കുന്നതായി ആരോപിച്ച് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പേര് വെളിപ്പെടുത്താത്ത ഒരു ആദിവാസി നേതാവ് പറഞ്ഞതിങ്ങനെയാണ്.. ”അവരുടെ വിശ്വാസം ഉപേക്ഷിക്കുന്നതുവരെ ഞങ്ങള്‍ അവരെ ഗ്രാമത്തിനുള്ളില്‍ കയറാന്‍ അനുവദിക്കില്ല. ഈ ആളുകള്‍ നമ്മുടെ ദേവീദേവന്മാരില്‍ വിശ്വസിക്കുന്നത് നിര്‍ത്തി, പ്രസാദം വാങ്ങുന്നില്ല. അവരില്‍ പലരും ലജ്ജാകരമായ രീതിയില്‍ ക്രിസ്തുമതത്തിലേക്ക് തിരിയുന്നു’.

അതേസമയം, കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമീണര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ 22 ഗ്രാമങ്ങളില്‍ നിന്നുള്ള ആയിരത്തോളം ക്രിസ്ത്യാനികള്‍ ഇതുവരെ പീഡിപ്പിക്കപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News