പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നും ഇക്കാര്യത്തില്‍ മൗനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദ്ദേശിച്ചെന്നും ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ മാലിക് പറഞ്ഞു. പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കശ്മീരിന്റെ ഗവര്‍ണര്‍.
ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനം ആവശ്യപ്പെട്ടെന്നും എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്ന് അതോടെ മനസ്സിലായെന്നും മാലിക്ക് പറഞ്ഞു.
2019 ഫെബ്രുവരി 14നാണ് ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ 49 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്.