വൈവിധ്യമാർന്ന കാർബണിക തന്മാത്രകൾ ചൊവ്വയിൽ കണ്ടെത്തിയതായി നാസയുടെ വെളിപ്പെടുത്തല്‍. നാസയുടെ ചൊവ്വാദൗത്യമായ പെര്സെര്വറന്സാണ് വൈവിധ്യമാര്‍ന്ന കാര്‍ബണിക തന്മാത്രകള് ഉപരിതലത്തില്‍ കണ്ടെത്തിയത്. ഇത് ഗ്രഹത്തിൽ ജീവന്റെ സാധ്യതകൾക്ക് ബലം പകരുന്നതാണെന്നാണ് നാസയുടെ കണ്ടെത്തല്‍.
ഗ്രഹത്തിലെ ജെസിറൊ ഗര്‍ത്തത്തിലാണ് കാര്‍ബണിക പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേര്‍ണലായ ‘നേച്ചര്‍’ ആണ് കണ്ടെത്തലിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരുകാലത്ത് വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു എന്നു കരുതപ്പെടുന്ന ഗര്‍ത്തമാണ് ജെസീറൊ. കാർബണിക തന്മാത്രകൾ കണ്ടെത്തിയതോടെ ഇത് ജൈവീകമാകാം എന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ചുവന്ന ഗ്രഹത്തിലെ ജീവന്റെ സാധ്യത തേടിയുള്ള ഗവേഷണങ്ങൾക്ക് വലിയ വഴിത്തിരിവായേക്കാവുന്ന കണ്ടെത്താലാണ് ഇപ്പോഴത്തേത്. കാർബണും ഹൈഡ്രജനും പ്രധാനഘടകങ്ങളായ തന്മാത്രകളാണ് കാർബണിക തന്മാത്രകൾ. ഇവയ്ക്കു പുറമെ ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, സൾഫർ തുടങ്ങിയ മറ്റു മൂലകങ്ങൾ ചേർന്നാണ് കാർബണിത തന്മാത്രകൾ ഉണ്ടാകുന്നത്.
ചൊവ്വയിൽ നിന്ന് ഭൂമിയിൽ പതിച്ചിട്ടുള്ള ഉൽക്കകളിലും ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിലുമെല്ലാം നേരത്തെ കാർബണിക തന്മാത്രകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് ചൊവ്വയിൽ ജീവനുണ്ടായിരുന്നതിന്റെ ഫലമാണെന്ന് ഉറപ്പിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നില്ല. ചിലപ്പോള്‍ ജലവും പൊടിപടലങ്ങളും തമ്മിലുള്ള പ്രവർത്തനം മൂലമോ, ഉല്ക്കകളിൽ നിന്നോ ആകാം ഈ പദാർഥങ്ങൾ ചൊവ്വയുടെ ഉപരിതലത്തിൽ എത്തിയതെന്നും കരുതുന്നു. അതിനാൽ ജീവന്റെ സാന്നിധ്യം ഉറപ്പിക്കാൻ കൂടുതൽ പഠനം ഗവേഷകര്‍ നടത്തുകയാണ്.