2035 -ഓടെ ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും രംഗത്ത്. ഇതിന്റെ ഭാഗമായി ഒരു ഇന്ത്യൻ ബഹിരാകാശസഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ദൗത്യത്തിനായി പരിശീലിപ്പിക്കുമെന്ന് നാസ അറിയിച്ചു. നാസയുടെ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസണാണ് ഇക്കാര്യം അറിയിച്ചത്.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിജയത്തിനുപിന്നാലെ 2035 -ല്‍ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്നുള്ള ഒരു ബഹിരാകാശസഞ്ചാരിയെ ദൗത്യത്തിനായി പരിശീലിപ്പിക്കാമെന്ന് ബിൽ നെൽസണ്‍ അറിയിച്ചത്. ഇന്ത്യാസന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.
ഗഗൻയാൻ ദൗത്യത്തിനായുള്ള തയ്യാറെടുപ്പിനായി അടിസ്ഥാന ബഹിരാകാശയാത്രിക പരിശീലനം നേടിയ നാലുപേരിൽ ഒരാളെയാണ് നാസ പരിശീലിപ്പിക്കുക. ഈ ബഹിരാകാശയാത്രികനെ ഇസ്രോ തന്നെയാണ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് സഞ്ചാരിയെ 2024 അവസാനത്തോടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് നാസ അയക്കുമെന്നാണ് വിവരം. രണ്ടാഴ്ചത്തെ ദൗത്യത്തിന്റെ ശാസ്ത്രലക്ഷ്യങ്ങൾ ഇന്ത്യ തീരുമാനിക്കുമെന്നു പറഞ്ഞ നെൽസൺ, ഇന്ത്യയെ ‘ഭാവിയിലെ മഹത്തായ പങ്കാളി’ എന്ന് വിശേഷിപ്പിക്കുകയുംചെയ്തു.