പാറകളേക്കാള്‍ കൂടുതല്‍ ലോഹങ്ങളുള്ള ഛിന്നഗ്രഹത്തിലേക്ക് പേടകത്തെ അയക്കാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഛിന്നഗ്രഹത്തിലെ പാറക്കൂട്ടങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ദൗത്യത്തിന്റെ ഭാഗമായി സൈക്കി എന്നുതന്നെ പേരുള്ള പേടകത്തെയാണ് നാസ അയക്കുന്നത്.
ഒക്ടോബര്‍ 12-ന് രാവിലെ പത്ത് മണിയോടെയാകും സൈക്കിയെ ലക്ഷ്യവെച്ച് ‘സൈക്കി പേടകം’ കുതിക്കുക. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിന്റെ പുറംഭാഗത്തായാണ് സൈക്കി ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ഛിന്നഗ്രഹത്തിലെ പാറകൂട്ടങ്ങളെ വിശദമായി പഠിക്കുന്നത് വഴി ഗ്രഹങ്ങളുടെ കാമ്പുകളെ കുറിച്ചും ഭൂമിയുടെ രൂപീകരണത്തെ കുറിച്ചുമുള്ള അതിനിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിവരം. ഗ്രഹങ്ങള്‍ എങ്ങനെ രൂപപ്പെട്ടിട്ടുണ്ടാകാമെന്ന ചോദ്യത്തിനുള്ള ഉത്തരം നല്കാന് ഈ പര്യവേക്ഷണത്തിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
അതേസമയം, ആഗോള സമ്പദ് വ്യവസ്ഥയെ മറിക്കടക്കാന്‍ സാധ്യതയുള്ള ആകാശഗോളത്തെ പര്യവേക്ഷണം ചെയ്യുന്നത് വലിയ നേട്ടമാകുമെന്നും നാസ വിലയിരുത്തുന്നു. നിലവില്‍ ലോകത്തിന്റെ മൊത്തം ജിഡിപി 105 ട്രില്യണ്‍ ഡോളര്‍ ആണ്. എന്നാല്‍ സൈക്കി ഛിന്നഗ്രഹത്തിന്റെ മൂല്യം 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ ആണ്.