വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് തിരി തെളിച്ചു കൊണ്ട് ദേശീയ ക്രിസ്തുമസ് ട്രീ തെളിച്ചു അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്രിസ്തുമസ് ട്രീ തെളിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. “ബൈഡൻ ഫാമിലിയിൽ നിന്ന് എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ,”- ക്രിസ്തുമസ് ട്രീ തെളിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു.
1923-ൽ പ്രസിഡന്റ് കാൽവിൻ കൂലിഡ്ജ് വൈറ്റ് ഹൗസ്സിൽ തെളിയിച്ച ക്രിസ്തുമസ് ട്രീയിൽ നിന്നും ആണ് ഇത്തരത്തിൽ ഒരു ചടങ്ങ് അമേരിക്കയുടെ ചരിത്രത്തിലേക്ക് കടന്നുവരുന്നത്. അന്ന് 48 അടി നീളമുള്ള സരളവൃക്ഷത്തിൽ വിവിധ നിറങ്ങളിൽ ഉള്ള, 500 ഇലക്‌ട്രിക് ബൾബുകൾ അലങ്കരിച്ചിരുന്നു. അതിനു ശേഷം വന്ന വർഷങ്ങളിൽ ഡിസംബർ മാസം ആദ്യം ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ആഘോഷം നടത്തപ്പെടുന്നു. 1963 നവംബർ 22-ന് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന് ശേഷം, രാഷ്ട്രം മുപ്പത് ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിച്ചതിനാൽ പ്രസിഡന്റ് ലിൻഡൻ ജോൺസൺ ക്രിസ്മസിന് ദിവസങ്ങൾക്ക് മുമ്പ് ചടങ്ങ് മാറ്റിവച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1941 മുതൽ 1945 വരെ ഈ പാരമ്പര്യം താൽക്കാലികമായി നിർത്തിവച്ചു.
വർഷാവർഷം ആയിരക്കണക്കിന് ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വർഷം 27 അടി വെളുത്ത സരളവൃക്ഷം ആണ് ക്രിസ്തുമസ് ട്രീ ആയി അലങ്കരിച്ചിരിക്കുന്നത്.