ലൗ ജിഹാദ് വിവാദത്തില്‍ കേരള സര്‍ക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യം.
ന്യൂനപക്ഷ മോര്‍ച്ച നല്‍കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി. കേരളത്തോട് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അടുത്ത മാസം കേരളം സന്ദര്‍ശിക്കും എന്നാണ് വിവരം. കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്മാരെ ചെയര്‍മാന്‍ നേരിട്ടു കാണും.
കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ലൗ ജിഹാദം വിവാദം ഒരിടവേളയ്ക്ക്‌ശേഷം വീണ്ടും കേരളത്തില്‍ ചര്‍ച്ചയായത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം കോടതിയില്‍ ഹാജരായ പെണ്‍കുട്ടി താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ഇപ്പോഴും സ്വന്തം മതത്തില്‍ തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു.