ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിപ്പിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രസ്താവന റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനാണ് നടത്തിയത്. എന്നാല്‍ പുടിന്‍റെ പ്രസ്താവനയെ അപലപിച്ച് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) രംഗത്തെത്തി.
യുക്രെൈയ്ൻ -റഷ്യ യുദ്ധം കൂടുതൽ സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് റഷ്യയുടെ ഈ നീക്കം. പ്രഹരശേഷി കുറഞ്ഞ ആണവായുധങ്ങളാണ് ബലാറസിൽ റഷ്യ വിന്യസിപ്പിക്കുന്നത്. റഷ്യന്‍ ദേശീയ ടെലിവിഷനിലൂടെയാണ് ഇക്കാര്യം പുടിന്‍ വ്യക്തമാക്കിയത്. ബൽജിയം, ജർമനി, ഗ്രീസ്, ഇറ്റലി, നെതർലൻഡ്സ്, തുർക്കി എന്നിവിടങ്ങളിൽ ആണവായുധം സൂക്ഷിക്കുന്ന അമേരിക്കൻ മാതൃകയാണ് റഷ്യ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുടിന്‍റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് നാറ്റോ രംഗത്തെത്തി. ‘റഷ്യയുടെ നീക്കം അപകടകരവും അതീവ ഗുരുതുരവുമാണ്. നിലവിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്’ -നാറ്റോ വക്താവ് ഓന ലുങ്കെസുകു പറഞ്ഞു. അതേസമയം, ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികൾ ലംഘിക്കാതെയാണ് ബലറസിൽ ആയുധങ്ങൾ വിന്യസിക്കുന്നതെന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ മറ്റൊരു രാജ്യത്ത് ആയുധ ശേഖരണം നടത്തുന്നത് 1990ന് ശേഷം ഇതാദ്യമാണ്.