Sunday, November 24, 2024

നാറ്റോയിലെ അംഗത്വം യുക്രൈന് അരികെ

യുക്രൈന് ഉടന്‍ അംഗത്വം നല്‍കുമെന്ന സൂചനകള്‍ നല്‍കി നാറ്റോ അധ്യക്ഷൻ ജെൻസ് സ്റ്റോൾട്ടെൻബെർഗ്. ലിത്വേനിയൻ തലസ്ഥാനമായ വിൽനിയസിൽ നാറ്റോ ഉച്ചകോടിക്കിടെ യുക്രൈൻ പ്രസിഡന്റ് വളോഡിമർ സെലൻസ്കിക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നാറ്റോ അംഗത്വം വൈകുന്നതിനെതിരെ, സെലൻസ്കി രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെയാണ് സ്റ്റോൾട്ടെൻബെർഗിന്റെ പ്രഖ്യപനം.

“യുക്രൈൻ തീര്‍ച്ചയായും നാറ്റോ അംഗമാകും.അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ഹ്രസ്വമായി വരികയാണ്” – നാറ്റോ അധ്യക്ഷന്‍ പറഞ്ഞു. എന്നാൽ, ഇതിനുള്ള സമയപരിധി വെളിപ്പെടുത്താൻ നാറ്റോ അധ്യക്ഷൻ തയാറായില്ല. നാറ്റോയെ സംബന്ധിച്ചിടത്തോളം അപകടരഹിതമായ സാധ്യതകൾ മുന്നിലില്ലെന്നും റഷ്യ വിജയിച്ചാൽ അത് നൽകുന്ന സന്ദേശം കൂടുതൽ അപകടകരമാണെന്നും സ്റ്റോൾട്ടെൻബെർഗ് അറിയിച്ചു. നാറ്റോയിൽ ആരൊക്കെ ചേരണം, ആരൊക്കെ ചേരാൻ പാടില്ല എന്ന് തീരുമാനിക്കുന്നത് റഷ്യയല്ലെന്നും എപ്പോൾ അംഗമാകണമെന്ന് തീരുമാനിക്കേണ്ടത് നാറ്റോ അംഗങ്ങളും യുക്രൈനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

അതേസമയം, അംഗത്വം സംബന്ധിച്ച് നാറ്റോ സൂചന നൽകിയതായി സെലൻസ്കി പറഞ്ഞു. നാറ്റോ അംഗത്വം വൈകുന്നതിനെതിരെ ചൊവ്വാഴ്ചയാണ് സെലൻസ്കി രംഗത്തുവന്നത്. നാറ്റോയുടെ നടപടി കീഴ്വഴക്കമില്ലാത്തതും അസംബന്ധവുമാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Latest News