മോദി സര്‍ക്കാരിനെയും സംഘപരിവാറിനെയും പരസ്യമായി പിന്തുണയ്ക്കുന്ന മൂന്ന് വാര്‍ത്താചാനലുകള്‍ മതസ്പര്‍ധയും വിദ്വേഷവും പ്രചരിപ്പിച്ചുവെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി (എന്‍ബിഡിഎസ്എ) കണ്ടെത്തി.
വിവാദ വാര്‍ത്താപരിപാടികള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് മൂന്നു ദിവസത്തിനകം പിന്‍വലിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ അതോറിറ്റി ഉത്തരവിട്ടു. രണ്ട് ചാനലുകള്‍ക്ക് പിഴയിട്ടു. ഒരു ചാനലിന് താക്കീതും നല്‍കി.
ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈംസ്നൗ നവ്ഭാരത്, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ്18ഇന്ത്യ, ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ഭാഗമായ ആജ്തക്ക് എന്നീ ചാനലുകള്‍ക്കെതിരെയാണ് നടപടി. ടൈംസ്നൗ നവ്ഭാരത് ഒരു ലക്ഷവും ന്യൂസ്18ഇന്ത്യ അമ്പതിനായിരവും പിഴ അടയ്ക്കണം. ആജ്തക്കിനാണ് താക്കീത്. മൂന്ന് ചാനലുകളുടെയും പരിപാടികള്‍ മതസ്പര്‍ധ സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ ഇന്ദ്രജിത്ത് ഘോര്‍പഡെ നല്‍കിയ പരാതിയിലാണ് എന്‍ബിഡിഎസ്എ നടപടി.