Tuesday, November 26, 2024

ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കാന്‍ എൻസിഇആർടി ഉപദേശക സമിതിയുടെ നിര്‍ദേശം

ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കാനുള്ള കേന്ദ്രനീക്കങ്ങള്‍ തുടരുന്നതിനിടെ സുപ്രധാന തീരുമാനവുമായി എൻസിഇആർടി. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. സി. ഐ ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്.

“1757-ലെ പ്ലാസി യുദ്ധത്തിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായപ്പോള്‍ ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കുകയായിരുന്നു. 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍പ്പോലും ‘ഭാരതം’ എന്ന് പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍ രാജ്യത്തിന്റെ യഥാര്‍ഥ പേര് ഭാരതമാണ്” സി. ഐ ഐസക്ക് പറഞ്ഞു. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിൻറെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി സമിതി അധ്യക്ഷന്‍ ഐസക് വ്യക്തമാക്കി. ഏഴംഗ സമിതി ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കരിക്കുലത്തില്‍ ഇനി മുതല്‍ ‘പ്രാചീന ചരിത്രത്തിന്’ പകരം ‘ക്ലാസിക്കല്‍ ചരിത്രം’ പഠിപ്പിക്കണമെന്നും സമിതിയുടെ ശുപാര്‍ശയുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങൾ പഠിപ്പിക്കുന്നതിൽ രാഷ്ട്രീയമില്ലെന്നും സമിതി അധ്യക്ഷന്‍ വ്യക്തമാക്കി.

Latest News