അഞ്ചു വർഷത്തിനിടെ കേരളത്തില്‍ നിന്നും 43,272 സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കണക്കുകളിലാണ് കുട്ടികളുൾപ്പെടെയുള്ളവരെ കണാതായതായി പരാമര്‍ശിക്കുന്നത്.
2019 മുതൽ 2021 വരെയുള്ള കാലയളവില്‍ 10 ലക്ഷത്തിലധികം സ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായത്; ഈ കണക്കുകളിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും കാണാതായവരില്‍ 5,905 പേര് പെണ്‍കുട്ടികളാണ്. ഇതില്‍ 5,532 പേരെയും കണ്ടെത്തിയിട്ടുണ്ട്. 43,272 സ്ത്രീകളെ കാണാതായതില്‍ 40,450 സ്ത്രീകളെ കണ്ടെത്തിയതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് കാണാതായവരുടെ 93 ശതമാനത്തോളം വരും.
അതേസമയം, 2449 സ്ത്രീകളും 373 പെൺകുട്ടികളും ഉൾപ്പെടെ 2,822 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് 2018-ലും കൂടുതല്‍ സ്ത്രീകളെ കാണാതായത് 2019-ലുമാണ്. 1,136 പെണ്‍കുട്ടികളെയും 8,202 സ്ത്രീകളെയുമാണ് ഇക്കാലയളവില്‍ മാത്രം കാണാതായത്. എൻ.സി.ആർ.ബിയുടെ കണക്കുകൾപ്രകാരം ഓരോ വർഷവും ശരാശരി 984 പെൺകുട്ടികളെ കാണാതാകുകയും അതിൽ 922 പേരെ കണ്ടെത്തുകയും ചെയ്തു. അതുപോലെ, ഓരോ വർഷവും കാണാതായ ശരാശരി 6,227 സ്ത്രീകളിൽ 5,819 പേരെ കണ്ടെത്തിയിട്ടുണ്ട്.