മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീംകോടതി. ന്യൂസ് ക്ലിക്ക് കേസിലാണ് കോടതിയുടെ പരാമര്‍ശം. മാധ്യമങ്ങളുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിലും മാര്‍ഗനിര്‍ദേശം വേണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിന്റെ ഡല്‍ഹിയിലെ ഓഫീസ് പൊലീസ് സീല്‍ ചെയ്തിരുന്നു. ന്യൂസ്ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പോലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയിരുന്നു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊര്‍മിളേഷ്, പ്രബിര്‍ പുരകയസ്ത, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ പക്കല്‍ നിന്ന് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.