ഈ മാസം 28ന് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായി. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണു തീരുമാനം. ഈ വർഷം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്താനാണ് തീരുമാനം.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവയ്ക്കുകയും പിന്നീട് നടത്താതെ നീണ്ടുപോകുകയും ചെയ്ത സഹസാഹര്യത്തിൽ വള്ളം കളി ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒപ്പം വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും ഇതുവരെ ചെലവാക്കിയ തുകയും വ്യക്തമാക്കി ക്ലബ്ബുകൾ സർക്കാരിന് നിവേദനം സമർപ്പിക്കുകയും ചെയ്തു. എന്നാൽ മറുപടി നൽകാതെ പോയ മുഖ്യ മന്ത്രി ബേപ്പൂർ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ചതോടെ നെഹ്‌റു ട്രോഫി മാറ്റിവച്ചത് വലിയ വിവാദമായി മാറുകയായിരുന്നു.
സോഷ്യൽ മീഡിയയിലടക്കം ഈ സംഭവം വലിയ വിവാദമായി മാറി. വള്ളംകളി മാറ്റിവയ്ക്കലിന് എതിരെ പ്രതിപക്ഷം പരസ്യപ്രക്ഷോഭത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.