Monday, November 25, 2024

യുട്യൂബിന്റെ സി ഇഒ ആയി നീൽ മോഹൻ അധികാരമേറ്റു

ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യുട്യൂബിന്റെ സി ഇഒ ആയി നീൽ മോഹൻ സ്ഥാനമേറ്റു. സൂസൻ വോജ്‌സിക്ക് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് യുട്യൂബ് തലപ്പത്തേക്ക് നീൽ മോഹൻ എത്തിയത്. നിലവിൽ ഇദ്ദേഹം യുട്യൂബിന്റെ ചീഫ് പ്രൊഡക്ഷൻ ഓഫീസറാണ്.

25 വർഷത്തെ സേവനത്തിനൊടുവില്‍ യുട്യൂബിന്റെ സിഇഒ സ്ഥാനം ഒഴിയുന്നതായി വ്യാഴാഴ്ചയാണ് സൂസൻ പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ മോഹനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. യൂട്യൂബ് ഷോർട്ട്‌സും മ്യൂസിക്കും കൊണ്ടു വരുന്നതിൽ പ്രധാന പങ്ക് വഹിച്ചയാളാണ് മോഹന്‍. നേരത്തെ മൈക്രോസോഫ്റ്റിലും ഇദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്. സ്‌റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ, 2008 -ലാണ് ഗൂഗിളിൽ ചേർന്നത്.

അതേസമയം, ജനപ്രിയ ഹ്രസ്വ-ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് ആപ്പുകളുമായി യുട്യൂബിന്റെ മത്സരം കടുക്കുന്നതിനിടെയാണ് സൂസന്‍ സിഇഒ സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം”കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ” എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജിക്കി പറഞ്ഞു. മുമ്പ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന അവർ. 2014 -ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അൽഫബറ്റ് ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ ഇടിവ് നേരിട്ടു.

Latest News