ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല മരിച്ച് ഒമ്പത് വര്‍ഷത്തിലേറെയായിട്ടും ഇപ്പോഴും അദ്ദേഹം ലോകത്തിന് മുഴുവന്‍ നായകനായും മാതൃകയായും തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
യുഎന്‍ മേധാവി മണ്ടേലയെ വിശേഷിപ്പിച്ചത്, ‘സമാനതകളില്ലാത്ത ധൈര്യത്തിന്റെയും ഉന്നതമായ നേട്ടങ്ങളുടെയും നേതാവ്, അന്തസ്സും ആഴത്തിലുള്ള മനുഷ്യത്വവുമുള്ള ഒരു മനുഷ്യന്‍’ എന്നാണ്. ലോകത്തെ പല ദുരാചാരങ്ങളില്‍ നിന്നും മുക്തി നേടാനുള്ള അന്വേഷണത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകം പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘നമ്മുടെ ലോകം ഇന്ന് യുദ്ധത്താല്‍ തകര്‍ന്നിരിക്കുന്നു; അത്യാഹിതങ്ങളാല്‍ തളര്‍ന്നിരിക്കുന്നു; വംശീയത, വിവേചനം, ദാരിദ്ര്യം, അസമത്വങ്ങള്‍ എന്നിവയാല്‍ ക്ഷയിച്ചിരിക്കുന്നു, കാലാവസ്ഥാ ദുരന്തത്താല്‍ ഭീഷണിപ്പെടുത്തുന്നു. എങ്കിലും നെല്‍സണ്‍ മണ്ടേലയുടെ മാതൃകയിലും പ്രചോദനത്തിലും നമുക്ക് പ്രത്യാശ കണ്ടെത്താം’. ഗുട്ടെറസ് പറഞ്ഞു.
അന്താരാഷ്ട്ര സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ പ്രതിബദ്ധതയെ മാനിക്കുന്നതിനായി ലോകം എല്ലാ വര്‍ഷവും ജൂലൈ 18 ന് നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ബഹു-വംശീയ ഭരണകൂടത്തിലെ നേതാവായിരുന്ന മണ്ടേല, രാജ്യത്തിന്റെ വര്‍ണ്ണവിവേചന ഭരണകൂടത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കി.
ഈ വിപ്ലവകാരിയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും ആദരിക്കുന്നതിനായി 2009 ല്‍ ഐക്യരാഷ്ട്രസഭ ജൂലൈ 18 നെല്‍സണ്‍ മണ്ടേല അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചു. വംശീയ വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ദക്ഷിണാഫ്രിക്കന്‍ നേതാവിന്റെ 67 വര്‍ഷത്തെ നീണ്ട പോരാട്ടത്തിന്റെ ആഘോഷം കൂടിയാണ് ദിനം.