എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന പര്‍വ്വതാരോഹകര്‍ക്ക് പുതിയ നിബന്ധനയുമായി നേപ്പാള്‍. 2024ലെ പര്‍വ്വതാരോഹക സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിബന്ധന പുറത്തിറക്കിയിട്ടുള്ളത്. ട്രാക്കിംഗ് ചിപ്പുകള്‍ ഉപയോഗിക്കാനാണ് നിബന്ധന ആവശ്യപ്പെടുന്നത്. ചില സ്വകാര്യ കമ്പനികള്‍ മുഖേന എത്തുന്ന പര്‍വ്വതാരോഹകര്‍ നിലവില്‍ ട്രാക്കിംഗ് ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനിമുതല്‍ എല്ലാ പര്‍വ്വതാരോഹകര്‍ക്കും ഈ നിബന്ധന ബാധകമാണെന്നാണ് നേപ്പാള്‍ വിനോദ സഞ്ചാര ഡയറക്ടര്‍ രാകേഷ് ഗുരുങ് വിശദമാക്കിയത്.
പര്‍വ്വതാരോഹകര്‍ക്ക് അപകടമുണ്ടാവുകയോ വഴി തെറ്റുകയോ ചെയ്താല്‍ ഇത്തരം ചിപ്പുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനാണ് പുതിയ നിബന്ധന. ചിപ്പുകള്‍ വാടകയ്ക്ക് ലഭ്യമാകും. 10-15 ഡോളറിന് ചിപ്പ് ലഭ്യമാകും ഇത് ജാക്കറ്റിനോട് ചേര്‍ത്ത് തുന്നിച്ചേര്‍ക്കും. സഞ്ചാരി തിരികെ എത്തുമ്പോള്‍ ചിപ്പ് തിരികെ സര്‍ക്കാരിന് നല്‍കും. ജിപിഎസ് ഉപയോഗിച്ചാവും ചിപ്പിന്റെ പ്രവര്‍ത്തനം. യൂറോപ്യന്‍ രാജ്യത്ത് നിര്‍മ്മിതമായ ചിപ്പുകളാണ് പര്‍വ്വതാരോഹകര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നതെന്നും രാകേഷ് ഗുരുങ് വ്യക്തമാക്കി.
എവറസ്റ്റ് കീഴടക്കാനെത്തുന്ന ഭൂരിഭാഗം ആളുകളും നേപ്പാളിലൂടെയാണ് പര്‍വ്വതാരോഹണം നടത്തുന്നത്. പെര്‍മിറ്റ് നേടാനായി 11000 ഡോളറാണ് ഫീസായി നല്‍കേണ്ടത്. ഭക്ഷണം, ഓക്സിജന്‍, ഗൈഡുകള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി 35000 ഡോളര്‍ വരെയാണ് ഒരു സഞ്ചാരി ചെലവിടേണ്ടി വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ പത്ത് പര്‍വ്വതങ്ങളില്‍ എട്ടെണ്ണവും നേപ്പാളിലാണുള്ളത്. പര്‍വ്വതാരോഹണം വിനോദസഞ്ചാരമാക്കി വന്‍ സാമ്പത്തിക നേട്ടമാണ് നേപ്പാളുണ്ടാക്കുന്നത്. എവറസ്റ്റ് കയറണമെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മാസമാണ് വേണ്ടി വരുന്നത്. ഉച്ച സമയത്തോട് അടുത്തുള്ള ചെറിയ സമയത്ത് മാത്രം പര്‍വ്വതാരോഹണം നടക്കൂ എന്നതിനാലാണ് ഇത്.