Monday, November 25, 2024

27-ാം തവണയും എവറസ്റ്റ് കീഴടക്കി കാമി റീത്ത ഷെർപ്പ; തകർത്തത് സ്വന്തം റെക്കോർഡ്

നേപ്പാളി പർവ്വതാരോഹകൻ കാമി റീത്ത ഷെർപ്പ 27-ാം പ്രാവശ്യവും എവറസ്റ്റ് കൊടുമുടി കീഴടക്കുമ്പോൾ തകർത്തത് സ്വന്തം പേരിൽ ഉള്ള റെക്കോർഡ് തന്നെ. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വ്യക്തി എന്ന പദവിയാണ് കാമി റീത്ത സ്വന്തമാക്കിയത്. 53 കാരനായ കാമി റീത്തയടക്കമുള്ള 11 ഷെർപ്പ ​ഗൈഡുകളാണ് ശനിയാഴ്ച എവറസ്റ്റിന്റെ 8848.86 മീറ്റർ ഉയരം കീഴടക്കിയത്. പർവ്വതാരോഹകരുടെ ഇടയിൽ എവറസ്റ്റ് മനുഷ്യൻ എന്ന ചുരുക്കപ്പേരിൽ ആണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഒരു വിയറ്റ്നാമീസ് പർവ്വതാരോഹകനെ ഗൈഡ് ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ തന്നെ പേരിൽ ഉള്ള റെക്കോർഡ് തകർത്തത്. കാമി റീത്ത 1994 ലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. അതിനുശേഷം 2014, 2015, 2020 വർഷങ്ങളിൽ ഒഴികെ ബാക്കി എല്ലാ വർഷങ്ങളിലും അദ്ദേഹത്തിന് മുന്നിൽ എവറസ്റ്റ് കീഴടങ്ങി.

വലിയ കൊടുമുടികൾ കയറുന്നതിൽ അഗ്രഗണ്യരാണ് ഷെർപ്പ വിഭാഗത്തിലുള്ളവർ. കാമി റീത്തയുടെ അച്ഛനും സഹോദരനും പർവതാരോഹകരായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഗൈഡായി പ്രവർത്തിക്കുകയാണ് കാമി റീത്ത ഷെർപ്പ ഹിമാലയത്തിലെ താമിൽ 1970 ലാണ് ജനിച്ചത്. ഒരു വാണിജ്യ പര്യവേഷണത്തിനായി പ്രവർത്തിക്കുന്നതിനിടയിൽ ആണ് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. ഈ റെക്കോർഡുകളെല്ലാം താൻ മനഃപൂർവം സൃഷ്ടിച്ചതല്ലെന്നും മറിച്ച് ഗൈഡായി ജോലി ചെയ്യുന്നതിനിടെ സംഭവിച്ചതാണെന്നും ഷെർപ്പ വെളിപ്പെടുത്തുന്നു.

Latest News