രാജ്യത്തിന്റെ കരുതല്‍ ശേഖരം കുറഞ്ഞതിനെ തുടര്‍ന്ന് കാര്‍, സ്വര്‍ണം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിക്ക് നേപ്പാള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കടുത്ത നടപടികള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് വിശദീകരണം.
ഇറക്കുമതി വര്‍ധിച്ചതും വിനോദസഞ്ചാരരംഗത്തുണ്ടായ തിരിച്ചടിയുമാണ് പ്രതിസന്ധി കൂട്ടിയത്. സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍പ്രകാരം ഫെബ്രുവരിയില്‍ കരുതല്‍ ശേഖരം 11.75 ബില്യണ്‍ ഡോളറില്‍നിന്ന് 17 ശതമാനം കുറഞ്ഞ് 9.75 ബില്യണ്‍ ഡോളറായി. നിലവിലെ സാഹചര്യത്തില്‍ 29 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന് അടുത്ത ആറു മാസംകൂടി ഇറക്കുമതി ചെയ്യാനേ ഈ തുക തികയൂ.
നേപ്പാളിന്റെ വിദേശനാണയ ശേഖരം കടുത്ത സമ്മര്‍ദം അനുഭവിക്കുന്ന സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കാത്ത വിധത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് കേന്ദ്ര ബാങ്ക് ഡെപ്യൂട്ടി വക്താവ് നാരായണ്‍ പ്രസാദ് പൊഖാരേല്‍ വ്യക്തമാക്കി.