ഗാസയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് പുനരധിവസിപ്പിക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി യാഥാർഥ്യമാക്കാൻ താൻ ശ്രമിക്കുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി. ഞായറാഴ്ച ജറുസലേമിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി, മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, പലസ്തീൻ പ്രദേശത്തിനായുള്ള ഒരു ‘പൊതുതന്ത്രം’ സംബന്ധിച്ച് യു എസുമായി സഹകരിക്കുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഗാസ ഏറ്റെടുക്കാനും അവിടെയുള്ള ഇരുപത് ലക്ഷം പലസ്തീനികളെ അയൽരാജ്യങ്ങളിലേക്കു നാടുകടത്താനും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചതിനുശേഷമാണ് ചർച്ചകൾ നടക്കുന്നത്. അധിനിവേശ പ്രദേശങ്ങളിൽനിന്ന് സാധാരണക്കാരെ നിർബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അത് വംശീയ ഉന്മൂലനത്തിനു തുല്യമാണെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദേശനയത്തെക്കുറിച്ചുള്ള ട്രംപിന്റെ സമ്മിശ്ര സന്ദേശം ലോകത്തെ സംശയാലുക്കളാക്കുന്നു. ട്രംപിന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിനുള്ള വഴികൾ താനും റൂബിയോയും ചർച്ച ചെയ്തതായും നെതന്യാഹു പറഞ്ഞു. ഗാസയുടെ കാര്യത്തിൽ യു എസിനും ഇസ്രായേലിനും പൊതുവായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.