വിവാദമായ ജുഡീഷ്യറി പരിഷ്‌കരണത്തില്‍നിന്നു പിന്മാറണമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ സ്വന്തം നിലയ്ക്കാണ് തീരുമാനങ്ങളെടുക്കാറുള്ളതെന്നും ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാറില്ലെന്നും നെതന്യാഹു ട്വീറ്റ് ചെയ്തു.
നോര്‍ത്ത് കരോലൈന സന്ദര്‍ശന വേളയിലാണ് ഇസ്രായേല്‍ ഭരണകൂടം ജുഡീഷ്യല്‍ പരിഷ്‌കരണ പദ്ധതിയില്‍നിന്ന് പിന്മാറണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടത്. വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്ന എല്ലാവര്‍ക്കുമുള്ള ആശങ്ക ഈ വിഷയത്തില്‍ തനിക്കുമുണ്ടെന്നും പ്രധാനമന്ത്രി അനുരഞ്ജന നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സമ്മര്‍ദത്തിനും ഇസ്രായേല്‍ വഴങ്ങില്ലെന്ന് നെതന്യാഹു പറഞ്ഞതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഇസ്രായേല്‍ ദേശീയ ഐക്യപാര്‍ട്ടി നേതാവ് ബെന്നി ഗ്രാന്റ്‌സ് പറഞ്ഞു. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായ യുഎസുമായുള്ള ബന്ധത്തിലുണ്ടാകുന്ന പരിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
ഇസ്രായേലില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ജുഡീഷ്യല്‍ പരിഷ്‌കരണം തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് നെതന്യാഹുവിനോട് പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ നീക്കം രാജ്യത്തിന്റെ സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും അപകടത്തിലാക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. സമാന ആവശ്യമുന്നയിച്ച പ്രതിരോധമന്ത്രി യൊആവ് ഗാലന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കിയതിനു പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.