15 മാസത്തെ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് വെടിനിർത്തൽ അന്തിമമാക്കുന്നതിൽ അവസാന നിമിഷം തടസ്സങ്ങളുണ്ടെന്ന് തന്റെ ഓഫീസ് നേരത്തെ അറിയിച്ചതിനുപിന്നാലെ പിന്നാലെ ഗാസാമുനമ്പിൽ ബന്ദികളാക്കിയവരെ തിരിച്ചയയ്ക്കാനുള്ള കരാറിൽ എത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷാ കാബിനറ്റ് വെള്ളിയാഴ്ച ചേരുമെന്നും ദീർഘകാലമായി കാത്തിരുന്ന കരാറിന് സർക്കാർ അംഗീകാരം നൽകുമെന്നും നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ പ്രസ്താവനയിലൂടെ ഇസ്രായേൽ ഗവൺമെന്റിന് കരാറിന് അംഗീകാരം നൽകാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ഇത് ഗാസാമുനമ്പിലെ പോരാട്ടം താൽക്കാലികമായി നിർത്തുകയും ഇസ്രായേൽ തടവിലാക്കിയ പലസ്തീൻ തടവുകാർക്കു പകരമായി ഗാസയിലെ തീവ്രവാദികൾ ബന്ദികളാക്കിയ ഡസൻകണക്കിന് ആളുകളെ മോചിപ്പിക്കുന്നതിലേക്കും വഴിതെളിക്കും.
യു. എസ്. പ്രസിഡന്റ് ജോ ബൈഡനും പ്രധാന മധ്യസ്ഥനായ ഖത്തറും കരാർ പൂർത്തിയായതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ നെതന്യാഹുവിന്റെ സർക്കാർസഖ്യത്തിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കരാർ നടപ്പാക്കുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു.