നൂറ്റാണ്ടുകൾ നീണ്ടു നിന്ന അടിമവ്യാപാരത്തിലും ചൂഷണങ്ങളിലും രാജ്യത്തിന്റെ പങ്കിന് മാപ്പ് പറഞ്ഞ് ഡച്ച് സർക്കാർ. അടിമത്വത്തിന്റെ കാലം അവസാനിച്ചെങ്കിലും അതുണ്ടാക്കിയ അനന്തരഫലം ലോകത്തെ ഇപ്പോഴും ബാധിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഡച്ച് സർക്കാരിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി മാർക് റൂട്ടെ ക്ഷമാപണം നടത്തിയത്.
”അന്നത്തെ ക്രൂരതയ്ക്ക് ജീവിച്ചിരിക്കുന്ന ആരും ഉത്തരവാദികളല്ല. അടിമകളാക്കപ്പെട്ടവരോടും അവരുടെ പിൻഗാമികളോടും ചെയ്ത നീചവും ക്രൂരവുമായ പ്രവർത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പപേക്ഷിക്കുന്നു. ഭൂതകാലത്തെ മായ്ക്കാൻ കഴിയില്ല, നേരിടാൻ മാത്രമേ കഴിയൂ”- മാർക് റൂട്ടെ പറഞ്ഞു. അടുത്ത വർഷം ജൂലൈയിൽ രാജ്യത്ത് അടിമത്തം നിരോധിച്ചതിന്റെ 160-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സർക്കാരിന്റെ നിർണായക ഇടപെടൽ.
അടിമക്കോളനികളിൽ ചൂഷണം ചെയ്യപ്പെട്ട ലക്ഷകണക്കിന് ആളുകൾക്ക് ക്ഷമാപണത്തിലൂടെ നീതി ഉറപ്പാക്കുമെന്നായിരുന്നു ഡച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സ്വീകരിച്ച നിലപാട്. എന്നാൽ രാജ്യത്തെ തീവ്ര വലതുപക്ഷ കക്ഷികൾ ക്ഷമാപണത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം തുടരുകയായിരുന്നു.
17-ാം നൂറ്റാണ്ടിൽ ആണ് ഡച്ചുകാർ അടിമ വ്യാപാരവുമായി രംഗത്തേയ്ക്കു കടന്നു വരുന്നത്. ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു അടിമവ്യാപാരം നടന്നിരുന്നത്. തെക്കേ അമേരിക്കയിലെയും കരീബിയനിലെയും വിവിധ രാജ്യങ്ങളിൽ ആയിരുന്നു ഡച്ച് കോളനികൾ ഏറെയും. ഏകദേശം ആറ് ലക്ഷത്തോളം ആഫ്രിക്കക്കാരെ ഇതിനായി ഡച്ച് വെസ്റ്റ് ഇന്ത്യ കമ്പനി ചൂഷണം ചെയ്തുവെന്നാണ് ലൈഡൻ യൂണിവേഴ്സിറ്റിയുടെ ഒരു പഠനം സൂചിപ്പിക്കുന്നത്.