യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ രക്ഷാദൗത്യം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. യുക്രെയ്ന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നിവയുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.
ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാര്‍ഗം ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്‌പോര്‍ട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുദ്ധസാഹചര്യത്തില്‍ യുക്രൈനിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ കൊടും ദുരിതത്തിലുമാണ്. എംബസിയുടെ നിര്‍ദേശപ്രകാരം പലരും സമീപത്തുള്ള ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടിയിരിക്കുകയാണ്. എന്നാല്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് മലയാളി വിദ്യാര്‍ഥികള്‍ തങ്ങളെ ബന്ധപ്പെട്ട മാധ്യമങ്ങളെ അറിയിച്ചിരുന്നു. ”പലരുടേയും കൈയില്‍ ഭക്ഷണമോ വെള്ളമോ ഇല്ല. കൊടും തണുപ്പാണ്. പുതപ്പ് പോലുമില്ലാതെയാണ് പലരും കഴിയുന്നത്. മൊബൈല്‍ ഫോണിലെ ചാര്‍ജ് തീരാറുകുന്ന സാഹചര്യവുമുണ്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല. ഏകദേശം നൂറിലധികം മലയാളികളാണ് ഇവിടെ മാത്രമുള്ളത്,” വിദ്യാര്‍ഥികള്‍ പറഞ്ഞു. കോവ എന്ന മെട്രോ സ്റ്റേഷനിലാണ് ഇവരുള്ളതെന്നാണ് വിവരം.
യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി ഇന്നലെ ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികളാണ്. ഇരുപതോളം സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികളുടെ സഹായാഭ്യര്‍ഥന ലഭിച്ചിട്ടുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങള്‍ മുടങ്ങിയതു മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നതായും നോര്‍ക്ക റൂട്ട്സ് സിഇഒ അറിയിച്ചു.
കിഴക്കന്‍ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായി 20 മില്യണ്‍ ഡോളര്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎന്നിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.