Friday, January 24, 2025

മരുന്നുകളുടെ വിലയും ഗുണനിലവാരവും: താരതമ്യം ചെയ്യാനും പരാതി നൽകാനും പുതിയ ആപ്പ്

വിലയും മരുന്നുകളുടെ ഗുണനിലവാരവും താരതമ്യം ചെയ്യാനും പരാതിയുണ്ടെങ്കിൽ ഉടൻ അറിയിക്കാനും സംവിധാനമുൾപ്പെടുത്തിയ പുതിയ ആപ്പ് പുറത്തിറക്കി. നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ആണ് ഈ പുതിയ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. ‘ഫാർമ സഹി ദാം’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ മരുന്നുകളുടെ വിലയും ചേരുവകളും ഉൾപ്പെടെ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാവുന്ന സൗകര്യത്തിനൊപ്പം മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതി നൽകുവാനും കഴിയും.

എൻപിപിഎയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഒരേ ഗുണനിലവാരവും ചേരുവകളും ഉള്ള മരുന്നിനു കമ്പനികൾ പല വില ഈടാക്കുന്നതു വലിയ പരാതികൾക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ‌ ഉപയോഭോക്താവിനു നേരിട്ടു വിലയും ചേരുവകളും പരിശോധിച്ചു മരുന്നു ലഭ്യമാക്കാവുന്ന സംവിധാനമാണു ആപ് അവതരിപ്പിക്കുന്നതിലൂടെ എൻപിപിഎ ലക്ഷ്യമിടുന്നത്. രാജ്യത്തെ മരുന്നു നിർമാണ കമ്പനികളുടെയും മരുന്നു കടകളുടെയും ലൈസൻസ് അടക്കമുള്ള ദൈനംദിന നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പുതിയ ഡേറ്റ ബേസ് മാനേജ്മെന്റ് സംവിധാനവും എൻപിപിഎ നടപ്പിലാക്കുകയാണ്. ഇന്റഗ്രേറ്റഡ് ഫാർമസ്യൂട്ടിക്കൽ ഡേറ്റ ബേസ് മാനേജ്മെന്റ് സിസ്റ്റം (ഐപിഡിഎംഎസ്) എന്ന സംവിധാനം നടപ്പാക്കുന്നതിലൂടെ രാജ്യത്തെ മരുന്നു വിപണിയിൽ കേന്ദ്രീകൃത നിരീക്ഷണം ഉറപ്പാക്കുകയാണു ലക്ഷ്യം.

Latest News