Monday, November 25, 2024

ഒടിടി ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ശക്തമാകുന്നു; കരട് ബ്രോഡ്കാസ്റ്റിങ് സേവന ബില്‍ അവതരിപ്പിച്ച് കേന്ദ്രം

ഒടിടി ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കരട് ബ്രോഡ്കാസ്റ്റിങ് സേവന ബില്‍ അവതരിപ്പിച്ചു. 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒടിടി, ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഡിടിഎച്ച്, ഐപിടിവി തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രങ്ങള്‍ ബാധകമാകും. പ്രക്ഷേപണ മേഖലയുടെ നിയന്ത്രണ ചട്ടക്കൂടിനെ നവീകരിക്കുന്നതാകും പുതിയ ബില്‍. ഉള്ളടക്കം വിലയിരുത്തുന്നതിനും ചട്ടലംഘനം നടത്തുന്നവയല്ലെന്നും ഉറപ്പാക്കാന്‍ ‘ഉള്ളടക്ക മൂല്യനിര്‍ണയ സമിതികളെ’ രൂപീകരിച്ച് സ്വയംനിയന്ത്രണം ഊര്‍ജിതമാക്കുന്നതിനുള്ള വകുപ്പുകളുകള്‍ ബില്ലില്‍ ഉള്‍പ്പെടുന്നു. ചട്ടലംഘനവുമായി ബന്ധപ്പെട്ട ശിക്ഷകളും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.

ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട നിയമം സംബന്ധിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി പ്രത്യേക ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. കാലപ്പഴക്കം ചെന്ന നിയമങ്ങളും മാര്‍ഗരേഖയും
മാറ്റുകയും നിയന്ത്രണസംവിധാനങ്ങള്‍ ആധുനികവത്കരിക്കുകയുമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.

നിര്‍ദിഷ്ട ബില്ലില്‍ ഓപ്പറേറ്റര്‍മാര്‍ക്കും പ്രക്ഷേപകര്‍ക്കുമുള്ള വിവിധ നിയമപരമായ പിഴകളും ഉള്‍പ്പെടുന്നു. മുന്നറിയിപ്പുകളും മറ്റും അനുസരിക്കാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു.എന്നാല്‍ വളരെ ഗുരുതരമായ കുറ്റങ്ങള്‍ക്ക് മാത്രമേ തടവും പിഴയും ബാധകമാകൂ എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

 

Latest News