കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുന ഖാർഗെക്ക് വൻ വിജയം. 7897 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടത്. 22 വർഷത്തെ ഇടവേളക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടന്നത്.
എഐസിസി ആസ്ഥാനത്ത് നടന്ന വോട്ടെണ്ണലിൽ എതിർ സ്ഥാനാർത്ഥി ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഖാർഗെയുടെ തേരോട്ടം. നൂറ് വോട്ട് പോലും ലഭിക്കില്ല എന്ന് പറഞ്ഞവർക്ക് മറുപടിയായി തരൂർ 1072 വോട്ടുകൾ നേടി തൻറെ കരുത്ത് തെളിയിച്ചു. ”പ്രസിഡന്റായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. ആ ചുമതലയിൽ ഖാർഗെജിക്ക് വിജയാശംസകൾ നേരുന്നു. പിന്തുണച്ചും ഒപ്പം ചേർന്നും കോൺഗ്രസിന്റെ ഉന്നതിക്കായി ആയിരത്തിലേറെ പ്രവർത്തകർ വോട്ട് രേഖപ്പെടുത്തി. പ്രവർത്തകർക്കെല്ലാം നന്ദി.” തരൂർ ട്വീറ്റ് ചെയ്തു.
ഫലം പുറത്ത് വന്നതിന് പിന്നാലെ എഐസിസി ആസ്ഥാനത്തിന് പുറത്ത് വാദ്യമേളങ്ങൾ മുഴക്കിയും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. ഖാർഗെയുടെ വസതിക്ക് മുൻപിലും വിജയാഘോഷം തുടരുകയാണ്. കർണ്ണാടകത്തിൽ നിന്നുമുള്ള ദളിത് വിഭാഗത്തിൽ നിന്നും വളർന്നുവന്ന നേതാവാണ് മല്ലികാർജുന ഖാർഗെ. രാജ്യസഭാ മുൻ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം.1998 മുതൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് പകരമായാണ് പുതിയ പ്രസിഡന്റ് വരുന്നത്.