Monday, November 25, 2024

രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു

രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ഇടപാട് സുരക്ഷ കണക്കിലെടുത്ത് 2021 ലാണ് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ ചട്ടങ്ങള്‍ കൊണ്ടുവന്നത്. ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്ന ആര്‍ബിഐ ഉത്തരവ് പിന്നീട് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.

ഈ ചട്ടങ്ങള്‍ അനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരങ്ങളുടെ വിവിധ വെബ്സൈറ്റുകള്‍ക്ക് അവരുടെ സെര്‍വറുകളില്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യാന്‍ കഴിയില്ല. ഡാറ്റ ചോര്‍ത്തലിന് ഇത്തരം നടപടികള്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇത് ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് പണമിടപാടുകളിലെ ടോക്കണൈസേഷന്‍ സംവിധാനം. ആര്‍ബിയുടെ പുതിയ ടോക്കണൈസേഷന്‍ ചട്ടത്തില്‍ ഉപഭോക്താക്കളുടെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് ബദലായി പ്രത്യേക കോഡ് വഴിയാകും ഇടപാട് നടക്കുക. ഈ കോഡ് ആണ് ടോക്കണ്‍ എന്ന് വിളിക്കപ്പെടുന്നത്. ഒരേ സമയം ഒരു ഓണ്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ കോഡ് സേവ് ആകുക.

ചട്ടം നിലവില്‍ വരുന്നതോടെ, മുന്‍പ് സേവ് ചെയ്ത് വച്ചിരിക്കുന്ന കാര്‍ഡ് വിവരങ്ങള്‍ വെബ്സൈറ്റുകള്‍ നീക്കം ചെയ്യണം. ടോക്കണൈസേഷന് അനുമതിയായാല്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതി ഇടപാട് പൂര്‍ത്തിയാക്കാന്‍.

 

Latest News