ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 18 പേർ മരിച്ചു. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം. മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവർക്കാണ് അപകടം സംഭവിച്ചത്.
കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴായിരുന്നു വലിയ തിക്കും തിരക്കും സംഭവിച്ചത്. 14, 15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. തിക്കിലും തിരക്കിലും അകപ്പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു; നിരവധി പേര്‍ അബോധവസ്ഥയിലായി.
പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ. 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന ഭുവനേശ്വർ രാജധാനി, സ്വതന്ത്ര സേനാനി എക്‌സ്പ്രസുകൾ വൈകിയതോടെ ഈ പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണു തിക്കും തിരക്കും ഉണ്ടായത്.