സിറിയയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ നാലുവർഷം വരെ കാത്തിരിക്കേണ്ടിവന്നേക്കാമെന്ന് വിമതനേതാവ് അഹമ്മദ് അൽ-ഷറ. സൗദി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അൽ അറബിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കിയ വിമത ആക്രമണത്തിന് തന്റെ ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്. ടി. എസ്.) നേതൃത്വം നൽകിയതിനുശേഷം ഇതാദ്യമായാണ് അദ്ദേഹം സിറിയയിൽ തിരഞ്ഞെടുപ്പിന് ഒരു സമയപരിധി നൽകുന്നത്. പുതിയ ഭരണഘടന തയ്യാറാക്കാൻ മൂന്നു വർഷം വരെ എടുത്തേക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിനെ തുടർന്ന് സിറിയക്കാർ പൊതുസേവനങ്ങളിൽ കാര്യമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും കാണാൻ തുടങ്ങുന്നതിന് ഒരു വർഷമെങ്കിലും സമയം ആവശ്യമായിവരും. സിറിയയുടെ നിയമവ്യവസ്ഥ പുനർനിർമിക്കേണ്ടതുണ്ടെന്നും നിയമാനുസൃതമായ തിരഞ്ഞെടുപ്പ് നടത്താൻ സമഗ്രമായ ജനസംഖ്യാ സെൻസസ് നടത്തേണ്ടതുണ്ടെന്നും ഷറ പറഞ്ഞു.
മുമ്പ് അബു മുഹമ്മദ് അൽ-ജോലാനി എന്നറിയപ്പെട്ടിരുന്ന ഷറ, ഈ മാസം ആദ്യം അസദ് പ്രസിഡൻസി തകർന്നതിനുശേഷം രാജ്യത്തിന്റെ പുതിയ അധികാരികളെ നയിക്കുകയാണ്. അന്നുമുതൽ, ഈ ബഹു-വംശീയ രാജ്യത്തെ എച്ച്. ടി. എസ്. എങ്ങനെ ഭരിക്കുമെന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ഇസ്ലാമിക നിയമത്താൽ (ശരീ-അത്ത്) ഭരിക്കപ്പെടുന്ന ഒരു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി അക്രമത്തെ പിന്തുണയ്ക്കുന്ന ഒരു ജിഹാദി ഗ്രൂപ്പായിട്ടാണ് എച്ച്. ടി. എസ്. ആരംഭിച്ചത്. എന്നാൽ സമീപവർഷങ്ങളിൽ അതിൽ അതിന്റെ സ്ഥാപിതലക്ഷ്യങ്ങളിൽനിന്ന് സ്വയം അകന്നു. തന്റെ പരിവർത്തന സർക്കാരിനെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച അദ്ദേഹം, നടത്തിയ നിയമനങ്ങൾ ‘അത്യാവശ്യമാണ്’ എന്നും ആരെയും ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളതല്ല അതെന്നും വ്യക്തമാക്കിയിരുന്നു.