Sunday, November 24, 2024

‘പുതുതലമുറയ്ക്ക് അമിതമായ മൊബൈല്‍ ഭ്രമം’: മാര്‍ട്ടിന്‍ കൂപ്പര്‍

പുതുതലമുറയുടെ അമിതമായ മൊബൈല്‍ ഭ്രമത്തിനെതിരെ സെല്‍ഫോണിന്റെ പിതാവ് മാര്‍ട്ടിന്‍ കൂപ്പറിന്‍റെ വിമര്‍ശനം. അമേരിക്കന്‍ എന്‍ജിനീയറായ കൂപ്പര്‍ കാലിഫോര്‍ണിയയിലുള്ള ഡെല്‍മാറിലെ ഓഫീസില്‍ വച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവച്ചത്.

‘ആളുകള്‍ സെല്‍ഫോണില്‍ നോക്കി റോഡു മുറിച്ചു കടക്കുന്നതു കാണുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. അവരുടെ കണ്ണും മനസ്സും ഫോണിലായതിനാല്‍ ഇവരുടെ സുബോധം നഷ്ടമായിരിക്കുന്നു’- കൂപ്പര്‍ പറഞ്ഞു. ഇത്തരത്തില്‍ നടക്കുന്ന ചിലരെയെങ്കിലും ഒരുതവണ വാഹനമിടിച്ചുകഴിയുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും കൂപ്പര്‍ ഫലിത രൂപേണ പങ്കുവച്ചു. മൊബൈല്‍ ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചു പങ്കുവച്ച അദ്ദേഹം അതിന്‍റെ വളര്‍ച്ചയെക്കുറിച്ചും വ്യക്തമാക്കി.

1973 -ലാണ് കൂപ്പര്‍ ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ കണ്ടുപിടിച്ചത്. ഒന്നര കിലോ ഭാരവും പത്ത് ഇഞ്ച് നീളവുമുള്ള ബാറ്ററിയായിരുന്നു ഇതിന് ഉണ്ടായിരുന്നത്. 25 മിനിറ്റ് മാത്രം ചാര്‍ജ് നിന്നിരുന്ന ഫോണ്‍ പത്തു മണിക്കൂര്‍ എടുത്താണ് ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് മൈബൈല്‍ ഫോണ്‍ സാങ്കേതികവിദ്യ വളര്‍ന്നതായി അദ്ദേഹം പറയുന്നു. ഭാവിയില്‍, സെല്‍ഫോണുകള്‍ വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്റെ കൊച്ചുമക്കളും അവരുടെ മക്കളും ഉപയോഗിക്കുന്നത് പോലെ സെല്‍ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരിക്കലും മനസ്സിലാക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മാര്‍ട്ടിന്‍ കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.

Latest News