Wednesday, April 2, 2025

ഗൗരവമായ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന കുട്ടികളെയും മുതിർന്നവർക്കൊപ്പം ശിക്ഷിക്കുന്ന നിയമം പാസാക്കി ക്വീൻസ്ലാൻഡ്

കൊലപാതകം, ഗുരുതരമായ ആക്രമണം, മോഷണം തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടാൽ 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും തുല്യമായ ശിക്ഷകൾ നൽകുന്ന നിയമങ്ങൾ ഓസ്ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്ലാൻഡ് പാസാക്കി. ‘യുവ കുറ്റവാളികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ രോഷത്തിന്’ മറുപടിയായാണ് കഠിനമായ ശിക്ഷാനിയമങ്ങൾ എന്ന് നിയമം പാസാക്കികൊണ്ട് സർക്കാർ വെളിപ്പെടുത്തി.

എന്നാൽ കഠിനമായ ശിക്ഷകൾ യുവാക്കളുടെ കുറ്റകൃത്യങ്ങൾ കുറയ്ക്കില്ലെന്നും വാസ്തവത്തിൽ അത് കൂടുതൽ വഷളാക്കുമെന്നും പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടി. കുട്ടികളുടെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനുകളെ അവഗണിക്കുകയും അന്താരാഷ്ട്രനിയമം ലംഘിക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ ഐക്യരാഷ്ട്ര സഭയും വിമർശിച്ചിട്ടുണ്ട്.

ഒക്ടോബറിൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ച ലിബറൽ നാഷണൽ പാർട്ടി (എൽ. എൻ. പി.) നിയമങ്ങൾ കുറ്റവാളികളുടെ അവകാശങ്ങളെക്കാൾ ഇരകളുടെ അവകാശങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നു പറഞ്ഞു. “ഈ നിയമങ്ങൾ സുരക്ഷിതരല്ലെന്നു തോന്നുകയും നമ്മുടെ സംസ്ഥാനത്തുടനീളം യുവാക്കളുടെ കുറ്റകൃത്യങ്ങൾക്ക് ഇരകളാകുകയും ചെയ്ത ഓരോ ക്വീൻസ്ലാൻഡറിനും വേണ്ടിയുള്ളതാണ്” – പാർലമെന്റ് വ്യാഴാഴ്ച ബിൽ പാസാക്കിയതിനുശേഷം പ്രീമിയർ ഡേവിഡ് ക്രിസഫുളി പറഞ്ഞു.

വോട്ടെടുപ്പിനു മുന്നോടിയായി, ക്വീൻസ്ലാൻഡ് ഒരു യുവ കുറ്റകൃത്യ തരംഗത്തിന്റെ പിടിയിലാണെന്നും പ്രശ്നത്തെ നേരിടാൻ കൂടുതൽ ശിക്ഷാനടപടികൾ ആവശ്യമാണെന്നും രാഷ്ട്രീയത്തിന്റെ ഇരുപക്ഷവും അവകാശപ്പെട്ടിരുന്നു. എന്നാൽ ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ 14 വർഷത്തിനിടയിൽ ക്വീൻസ്ലാൻഡിൽ യുവാക്കളുടെ കുറ്റകൃത്യങ്ങൾ പകുതിയായി കുറഞ്ഞുവെന്നും 2022 ൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നും അതിനുശേഷം താരതമ്യേന സ്ഥിരത പുലർത്തുന്നതായും ആണ്.

പുതിയ നിയമങ്ങൾ 13 കുറ്റകൃത്യങ്ങളെ പട്ടികപ്പെടുത്തുന്നു. ആ പട്ടികപ്പെടുത്തിയ കുറ്റകൃത്യങ്ങൾ ഇപ്പോൾ യുവാക്കൾ ചെയ്താൽ കഠിനമായ ജയിൽശിക്ഷയ്ക്ക് അവർ വിധേയമാകും. കൊലപാതകത്തിന് നിർബന്ധിത ജീവപര്യന്തം തടവ് ഉൾപ്പെടെ, 20 വർഷം പരോൾ അല്ലാത്ത കാലയളവാണ് പുതിയ ശിക്ഷ. മുമ്പ്, കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട യുവ കുറ്റവാളികൾക്കുള്ള പരമാവധി ശിക്ഷ പത്തു വർഷം തടവായിരുന്നു. കുറ്റകൃത്യം ‘പ്രത്യേകിച്ച് ഹീനമാണെങ്കിൽ’ മാത്രമേ ജീവപര്യന്തം തടവ് പരിഗണിച്ചിരുന്നുള്ളൂ.

Latest News