എംപോക്സ് പുതിയ വകഭേദം കൂടുതൽ തീവ്രമാണെന്നും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പടരുന്നുവെന്നും വെളിപ്പെടുത്തി ഗവേഷകർ. എംപോക്സിന്റെ clade Ib എന്ന പുതിയ വകഭേദം ആണ് ഗവേഷകർക്കിടയിലും ആശങ്ക പരത്തുന്നത്. വൈറസിന് അതിവേഗത്തിൽ ജനിതകമാറ്റം സംഭവിക്കുന്നതിനാൽ അതിനെ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനുമുള്ള പരിശ്രമങ്ങൾ പൂർണ്ണമായും ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയുന്നില്ല എന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു.
സംഭവത്തിന്റെ ഗൗരവം മനസിലാക്കി ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തണമെന്നും രോഗം ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾക്ക് ഊന്നൽ നൽകണമെന്നും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തു. എന്നാൽ രോഗവ്യാപനം തീവ്രമായിരിക്കുന്ന ആഫ്രിക്കയിലെ ലബോറട്ടറികളിൽ രോഗസ്ഥിരീകരണം നടത്താനുള്ള ടെസ്റ്റുകൾക്ക് ആവശ്യമായ കെമിക്കലുകൾ പോലും പരിമിതമായിരിക്കുന്ന അവസ്ഥയാണുള്ളത്.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്നുണ്ട് എങ്കിലും അടുത്ത നാളുകളിലാണ് തീവ്ര വ്യാപനമാണ് കാണിക്കുന്നത്. clade Ib എന്ന വകഭേദമാണ് ഇപ്പോൾ ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനു കാരണമായി നിൽക്കുന്നത്. clade IIb വകഭേദമായിരുന്നു 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത്. അന്ന് ലോകത്താകമാനമായി ഈ രോഗം ബാധിച്ചത് 100,000 പേരെയാണ്. 200 പേർ രോഗബാധിതരായി മരിച്ചിരുന്നു. എന്നാൽ ഈ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നു.