വത്തിക്കാൻ പ്രാദേശികഭരണ സിരാകേന്ദ്രത്തിന്റെയും ഇറ്റാലിയൻ തപാൽ വിഭാഗത്തിന്റെയും സംയുക്തസേവനത്തിൽ വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ജൂബിലിക്കായി എത്തുന്ന ആളുകൾക്കായി പുതിയ ഒരു തപാൽ ഓഫീസ് തുറക്കുന്നു. ഇന്ന് ഇറ്റാലിയൻ സമയം രാവിലെ പത്തുമണിക്കാണ് ഉദ്ഘാടനം. വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറേറ്റ് പ്രസിഡന്റ് കർദിനാൾ ഫെർണാണ്ടോ വെർഗാസ് അൽസാഗയും ഇറ്റാലിയൻ തപാൽവിഭാഗത്തിന്റെ മേധാവി ഡോ. ജൂസെപ്പെ ലാസ്കോയും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
ഇറ്റാലിയൻ തപാൽവിഭാഗമാണ് ഈ പുതിയ ഓഫീസ് സംഭാവനായി നൽകിയത്. ജൂബിലി ആഘോഷങ്ങൾക്കായി വത്തിക്കാനിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്കും മറ്റു വിനോദസഞ്ചാരികൾക്കും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വത്തിക്കാനിൽനിന്നുള്ള ആശംസകൾ അയയ്ക്കുന്നതിന് ഈ തപാൽസേവനം ഏറെ സഹായകരമാകും. വത്തിക്കാൻ ചത്വരത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്.
അംഗവൈകല്യമുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്റെ പ്രത്യേക സ്റ്റാമ്പുകൾ, കവറുകൾ, കാർഡുകൾ എന്നിവ ഇവിടെനിന്നു തന്നെ വാങ്ങി ആശംസകൾ രേഖപ്പെടുത്തി അയയ്ക്കാനുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്