എന്‍ഫോഴ്സെമന്റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെയും (സി.ബി.ഐ) നിയന്ത്രിക്കാന്‍ പുതിയ തസ്തികയുമായി കേന്ദ്രം. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതായാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുകള്‍.
സി.ബി.ഐ, ഇ.ഡി എന്നീ അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍ പുതിയ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലാണ് പുതിയ തസ്തിക നിലവില്‍വരിക. സുപ്രീം കോടതി ഇടപെടലിനെതുടര്‍ന്ന് ഇ.ഡി തലവന്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുന്ന സഞ്ജയ് മിശ്രയായിരിക്കും തസ്തകയിലെ ആദ്യത്തെ ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ എന്നാണ് വിവരം.
രാജ്യത്തെ സാമ്പത്തിക തട്ടിപ്പുകേസുകളും കള്ളപ്പണ കേസുകളും ഇ.ഡിയും അഴിമതി ഉള്‍പ്പെടെയുള്ള സാമ്പത്തിക കേസുകള്‍ സി.ബി.ഐയുമാണ് അന്വേഷിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് ഏജന്‍സികളും നടത്തുന്ന അന്വേഷണം ഏതൊക്കെ മേഖലകളിലാണെന്ന് കൃത്യമായി വേര്‍തിരിക്കാന്‍ കഴിയുന്നില്ലെന്നും ഈ പ്രായോഗികബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പുതിയ തസ്തികയെന്നുമാണ് കേന്ദ്രത്തിന്റെ വാദം. രണ്ട് ഏജന്‍സികളും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തെ പുതിയ തസ്തിക സഹായിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്നാല്‍, അടുത്തമാസം 15-ാം തീയതി വരെയാണ് സഞ്ജയ് മിശ്ര ഇ.ഡിയുടെ തലപ്പത്തുണ്ടാവുക. ഇദ്ദേഹത്തിന്റെ കാലവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് സുപ്രീം കോടതി തടയിട്ടതിനെ തുടര്‍ന്നാണ് പുതിയ തസ്തികയെന്നും വിമര്‍ശനമുണ്ട്. പുതിയ തസ്തിക നിലവില്‍വന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും. അതേസമയം കേന്ദ്രസര്‍ക്കാരിലെ സെക്രട്ടറിയുടെ പദവിയായിരിക്കും പുതിയ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ക്കുണ്ടാവുക.