പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി ഫ്രാൻസിസ് മാർപാപ്പ ആർച്ചുബിഷപ്പ് ക്ലൗദിയോ ഗുജെറോത്തിയെ നിയമിച്ചു. യുകെ- യിലെ അപ്പസ്തോലിക് നുൺഷ്യോ ആയി പ്രവർത്തിച്ചു വരവെയാണ് പുതിയ നിയമനം.
ഇറ്റലിയിലെ വെറോണയിൽ ജനിച്ച അറുപത്തിയേഴുകാരനായ ആർച്ചുബിഷപ്പ് ഗുജെറോത്തി 1982- ൽ വൈദികനായി. പൗരസ്ത്യ ദൈവശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള അദ്ദേഹം വെറോണയിലെ വിവിധ ദൈവശാസ്ത്ര പീഠങ്ങളിൽ അധ്യാപകനായിരുന്നു. 1985 മുതൽ 1997 വരെ അദ്ദേഹം പൗരസ്ത്യ സഭാകാര്യാലയത്തിൽ സേവനമനുഷ്ഠിച്ചു. റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽ സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രവും അർമേനിയൻ ഭാഷയും പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് ജോർജിയ, അർമേനിയ, അസർബൈജാൻ, ബെലാറസ്, ഉക്രൈൻ എന്നീ രാജ്യങ്ങളിൽ നുൺഷ്യോ ആയിരുന്നു.
വി. ജോൺ പോൾ പാപ്പായാണ് 2002- ൽ അദ്ദേഹത്തിന് മെത്രാഭിഷേകം നൽകിയത്. കർദ്ദിനാൾ ലെയനാർദോ സാന്ദ്രി അദ്ധ്യക്ഷസ്ഥാനത്തു നിന്ന് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ആഗോള കത്തോലിക്കാ കൂട്ടായ്മയിലെ സീറോമലബാർ, സീറോ മലങ്കര ഉൾപ്പെടെയുള്ള 23 പൗരസ്ത്യസഭകളെ സംബന്ധിച്ച കാര്യങ്ങളാണ് റോമൻ കൂരിയയിലെ പൗരസ്ത്യ സഭാകാര്യാലയത്തിന്റെ പരിധിയിൽ വരുന്നത്.