Monday, November 25, 2024

ബസുകളില്‍ പരസ്യം പതിക്കുന്നതിന് പുതിയ സ്കീം

ബസുകളില്‍ പരസ്യം പതിക്കുന്നതിന് പുതുക്കിയ സ്കീം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി. പരസ്യങ്ങള്‍ ബസിന്റെ ഇരുവശത്തുമായി മാത്രം പതിക്കും എന്നതുള്‍പ്പടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കോടതിക്കു മുന്‍പില്‍ സമര്‍പ്പിച്ചത്.

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യം പതിക്കുന്നതിന് തീരുമാനമെടുക്കാന്‍ രണ്ട് കമ്മറ്റികള്‍ രൂപികരിക്കും. ഇതില്‍ പരസ്യത്തിന്റെ അനുമതിക്കായി ഒരു കമ്മറ്റിയും പരസ്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ മറ്റൊരു കമ്മറ്റിയും ഉണ്ടാകും. കെ.എസ്.ആര്‍.ടി.സി. എംഡി -യും വിരമിച്ച ജഡ്ജിയും ഒരോ കമ്മറ്റികള്‍ക്കും അധ്യക്ഷന്മാരാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ലോ ഫ്ലോര്‍ ബസുകളിലെ ഗ്ലാസുകള്‍ മറയ്ക്കുന്ന രീതിയിലാണ് പരസ്യങ്ങള്‍ പതിച്ചിരുന്നത്. ഇത് ഒഴിവാക്കുമെന്നും പുതിയ സ്കീമില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കെ.എസ്.ആര്‍.ടി.സി. സമര്‍പ്പിച്ച പുതിയ സ്കീം ഇന്ന് കോടതി പരിഗണിക്കും. കെ.എസ്.ആര്‍.ടി.സി. -യുടെ പരസ്യം നല്‍കാനുള്ള അവകാശത്തെ സംരക്ഷിക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബസുകളില്‍ പരസ്യം പതിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത് ചോദ്യം ചെയ്തുള്ള കെ.എസ്.ആര്‍.ടി.സി. -യുടെ ഹര്‍ജിയില്‍ പുതിയ സ്കീം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി പറയുകയായിരുന്നു.

Latest News