യു. എസിൽ കോവിഡ് 19 പാൻഡെമിക് കൊണ്ടുവന്ന സമ്മർദവുമായി ബന്ധപ്പെട്ട മദ്യപാനവും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ഇപ്പോഴും ഉയർന്ന നിലയിൽതന്നെ തുടരുന്നതായി റിപ്പോർട്ട്. തെക്കൻ കാലിഫോർണിയ സർവകലാശാലയിലെ കെക്ക് മെഡിസിനിൽ ട്രാൻസ്പ്ലാന്റ് ഹെപ്പറ്റോളജിസ്റ്റായ ഡോ. ബ്രയാൻ ലീ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“മദ്യത്തിന്റെ ഉപയോഗം കുറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഞാൻ ഒരു കരൾ സ്പെഷ്യലിസ്റ്റാണ്. യാഥാർഥ്യമെന്തെന്നാൽ, കരൾ തകരാറുള്ള രോഗികളുടെ വർധനവിനു ഞങ്ങൾ സാക്ഷികളാണ്. ഇത് അമിതമായ മദ്യപാനത്തിൽനിന്നുള്ള ക്ലിനിക്കൽ അവസ്ഥയാണെന്ന് ഞാൻ കരുതുന്നു. പകർച്ചവ്യാധിയോടൊപ്പം മദ്യത്തിന്റെ ഉപയോഗത്തിലുള്ള വർധനവും ഞങ്ങൾ കാണുന്നു” – ലീ പറഞ്ഞു.
ലീയുടെ നേതൃത്വത്തിൽ നവംബർ 12 ന് ആന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തിൽ, 2020 ൽ യു. എസിലെ ആളുകൾക്കിടയിൽ കണ്ടെത്തിയ മദ്യപാനത്തിലെ വർധനവ് 2021 ലും 2022 ലും തുടരുന്നതായി വ്യക്തമാക്കുന്നു. യു. എസ്. സെൻസസ് ബ്യൂറോ നടത്തുന്ന നാഷണൽ ഹെൽത്ത് ഇന്റർവ്യൂ സർവേയിൽനിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കൂടാതെ, ഡാറ്റയെ അടിസ്ഥാനമായി 2018 ലെ കണക്കുകളുമായി താരതമ്യം ചെയ്തു. 2018 മുതൽ ഏകദേശം 25,000 പേരും 2020 മുതൽ ഏകദേശം 31,000 പേരും 2022 മുതൽ ഏകദേശം 27,000 പേരും ഈ പഠനത്തിൽ പങ്കെടുത്തു.
കൂടാതെ, അമിതമായി മദ്യപിക്കുന്നവരുടെ ശതമാനം 2020 ൽ 6.13 ശതമാനവും 2018 ൽ 5.1 ശതമാനവും ആയിരുന്നു. ഇത് 2022 ൽ സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 6.3 ശതമാനമായി ഉയർന്നു എന്നും പഠനം വെളിപ്പെടുത്തുന്നു.