ഇന്ത്യയിൽ യുവാക്കളുടെ ഇടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന്. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിലാണ് ഈ വെളിപ്പെടുത്തൽ. 2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിലെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സർവേ തയ്യാറാക്കിയിരിക്കുന്നത്.
സർവേ പ്രകാരം 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9% ആണ്. 2017 മുതൽ 2022 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ രണ്ട് വർഷത്തെ നിരക്ക് കുറവാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ 47.1% ആണ്. ഏറ്റവും കുറവ് തൊഴിലില്ലായ്മ അനുഭവിക്കുന്നത് പുരുഷന്മാരാണ്. ഗോവ (8.5%) കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്.
പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ അനുസരിച്ച് മധ്യപ്രദേശിലാണ് ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് ആണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണ പ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും മുന്നിലുള്ളത് ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ്. ലക്ഷദ്വീപിൽ 36.2 ശതമാനവും ആൻഡമാനിൽ 33.6 ശതമാനവുമാണ് യുവാക്കളിലെ തൊഴിലില്ലായ്മ. ലക്ഷദ്വീപിൽ 15 മുതൽ 29 വരെ പ്രായപരിധിയിലുള്ള സ്ത്രീകളിൽ 79.7 ശതമാനവും തൊഴിലില്ലാത്തവരാണ് എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.