Thursday, January 23, 2025

പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്ര പ്രഖ്യാപനവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്

ചരിത്ര പ്രഖാപനവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം നല്‍കുമെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്പോര്‍ട്സ് ഗവേണിങ് ബോഡിയും അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു.

കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും. ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്.

അതേസമയം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപനം ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റ് താരങ്ങളെ ബാധിക്കും. വനിതാ ക്രിക്കറ്റ് താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകളിലും സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ഇന്ത്യയിലും വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഒരേ തരത്തിലുള്ള ടൂര്‍ണമെന്റിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത മാച്ച് ഫീകളാണ് നല്‍കുന്നത്. ഇതില്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലും അതൃപ്തിയുണ്ട്.

Latest News