രാജ്യം പുകവലിമുക്തമാക്കാൻ കർശന നിയമം കൊണ്ടുവരികയാണ് ന്യൂസിലൻഡ്. പുതുതലമുറയ്ക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. പുതിയ നിയമങ്ങളുടെ ചുവടു പിടിച്ച് 2025 ഓടെ പൂർണ്ണമായും പുകയില മുക്തമായ രാജ്യം സ്വപ്നം കാണുകയാണ് ഇവർ.
ന്യൂസിലൻഡിൽ ഇനി 14 വയസും അതിൽ താഴെയും പ്രായമുള്ളവർക്ക് നിയമപരമായി സിഗരറ്റ് വാങ്ങാൻ കഴിയില്ല. 2009 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച ആർക്കും പുകയില വിൽക്കാൻ നിയമമനുവദിക്കില്ല. ഈ വിധം നിയമനിർമാണം നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമാണ് ന്യൂസിലൻഡ്. 50 വർഷം കഴിഞ്ഞ് ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസുണ്ടെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യമായി വരുന്ന സാഹചര്യമൊരുക്കുന്നതാണ് പുതിയ നിയമം. 2023 ൽ നിയമം പ്രാബല്യത്തിൽ വരും.
ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന ഒരു ഉത്പന്നത്തിന്റെ വിൽപന പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് ന്യൂസിലൻഡിലെ ആരോഗ്യ സഹമന്ത്രി ഡോക്ടർ ആയിഷ വെരാൽ നിയമം പാസാക്കികൊണ്ട് പാർലമെന്റിൽ പറഞ്ഞു. അതേസമയം, ചെറുകിട വ്യാപാരികളെ ബാധിക്കുമെന്നും കരിഞ്ചന്ത വ്യാപാരം ശക്തിപ്പെടുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.