Saturday, February 22, 2025

ന്യൂസിലാൻഡിലെ ‘ഏറ്റവും ശുദ്ധമായ തടാകം’ മലിനപ്പെടുന്നു

ന്യൂസിലാൻഡിലെ നെൽസൺ ലേക്സ് നാഷണൽ പാർക്കിലെ ബ്ലൂ ലേക്ക് എന്നറിയപ്പെടുന്ന റോട്ടോമൈർവെനുവ, അതിന്റെ കണ്ണാടി പോലെയുള്ള വെള്ളത്തിന്റെ പ്രത്യേകതയാൽ പേരുകേട്ടതാണ്. എന്നാൽ തടാകത്തിന്റെ ദുർബലമായ ആവാസവ്യവസ്ഥയിൽ അധിനിവേശ ജീവികളാലും വർധിച്ചുവരുന്ന ടൂറിസത്തിൽനിന്നും ഗണ്യമായ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്.

ലിൻഡാവിയ എന്ന സൂക്ഷ്മ ആൽഗയുടെ ആവിർഭാവം തടാകത്തിന്റെ സവിശേഷമായ പരിസ്ഥിതിയെ പരിഹരിക്കാനാകാത്തവിധം ദോഷകരമായി ബാധിക്കുമെന്ന് പരിസ്ഥിതിസംരക്ഷകരും പ്രാദേശിക മാവോറി ഗോത്രമായ എൻഗാട്ടി അപായും പറയുന്നു. ലിൻഡേവിയയ്ക്ക് ജലത്തിന്റെ ഉപരിതലത്തിൽ ഒരു നേർത്ത പാട സൃഷ്ടിക്കാൻ കഴിയും. ഇത് തടാകത്തിന്റെ വ്യക്തതയെ മറയ്ക്കുന്നു.

ഈ അപകടസാധ്യത ലഘൂകരിക്കുന്നതിന്, തടാകത്തെ സമീപിക്കുന്നതിനുമുമ്പ് തങ്ങളുടെ ചെരിപ്പുകൾ വൃത്തിയാക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നു. ശുചീകരണ സ്റ്റേഷനുകളും വിദ്യാഭ്യാസ അടയാളങ്ങളും ഉൾപ്പെടെയുള്ള ബയോസെക്യൂരിറ്റി നടപടികൾ അധികാരികൾ നടപ്പിലാക്കിയിട്ടുണ്ട്. തടാകത്തിന്റെ സാംസ്കാരിക പ്രാധാന്യത്തെ മാനിച്ചും അധിനിവേശ ജീവികളുടെ ആവിർഭാവം തടയുന്നതിനും സന്ദർശകരോട് വെള്ളം തൊടുന്നത് ഒഴിവാക്കാനും ആവശ്യപ്പെടുന്നു.

2013 ൽ ‘ലോകത്തിലെ ഏറ്റവും ശുദ്ധമായ തടാകം’ ആയി പ്രഖ്യാപിച്ചതിനുശേഷം തടാകത്തിന്റെ ജനപ്രീതി ഗണ്യമായി വർധിച്ചു. വിനോദസഞ്ചാരത്തിന് സാമ്പത്തികനേട്ടങ്ങൾ നൽകാൻ കഴിയുമെങ്കിലും തടാകത്തിന്റെ അതിലോലമായ ആവാസവ്യവസ്ഥയ്ക്ക് ഇത് കാര്യമായ ഭീഷണി ഉയർത്തുന്നു.

തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകരെ അനുവദിക്കുന്നതും പരിസ്ഥിതിയിൽ അവരുടെ സ്വാധീനം കുറയ്ക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സംരക്ഷകർ പ്രവർത്തിക്കുന്നു. തടാകം സംരക്ഷിക്കാൻ സജീവമായ നടപടികൾ സ്വീകരിക്കുന്നതിലൂടെ, ഭാവിതലമുറകൾക്കായി അതിന്റെ തനതായ സവിശേഷതകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News