തദ്ദേശീയരായ മാവോറി ജനതയുടെ പൂർവീകരായി കണക്കാക്കുന്ന പുണ്യപർവതമായ തരാനാക്കി പർവതത്തിന് വ്യക്തിത്വം നൽകി ന്യൂസിലാൻഡ് സർക്കാർ. മനുഷ്യനുള്ളതിന് സമാനമായി മലയുടെ അവകാശങ്ങളും കടമകളും അംഗീകരിക്കുന്നതാണ് ഈ നീക്കം.
മാവോറി ജനതയ്‌ക്കെതിരായ ചരിത്രപരമായ അനീതികൾ പരിഹരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. പർവതത്തിന്റെ വ്യക്തിത്വം അതിന്റെ ആരോഗ്യവും ക്ഷേമവും ഉയർത്തിപ്പിടിക്കുന്നതിനും പ്രാദേശിക വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള സംരക്ഷണപ്രവർത്തനങ്ങൾ അനുവദിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്.
നോർത്ത് ഐലൻഡിൽ സ്ഥിതിചെയ്യുന്ന തരാനാക്കി പർവതം രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രവുമാണ്. ന്യൂസിലാൻഡ് കോളനിവത്ക്കരിച്ചതിനുശേഷം മാവോറി ജനതയിൽനിന്ന് പർവതം മോഷ്ടിച്ചതായി കണ്ടെത്തിയതിനെത്തുടന്ന് പിന്നീട് നിയമപരമായി അവർക്ക് നൽകിയിരുന്നു.
വ്യാഴാഴ്ച പാസ്സാക്കിയ നിയമം, ഒരു വ്യക്തിയുടെ എല്ലാ അവകാശങ്ങളും അധികാരങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും ബാധ്യതകളും തരാനാക്കി മൗംഗ എന്നറിയപ്പെടുന്ന തരാനാക്കി പർവതത്തിന് നൽകുന്നു. പ്രാദേശിക മാവോറി ഗോത്രങ്ങളും ഗവൺമെന്റും നിയോഗിച്ച അംഗങ്ങളുമായി, ടെ കഹ്യി ടുപുവ എന്ന പുതുതായി സൃഷ്ടിച്ച ഒരു സ്ഥാപനം പർവതത്തിന്റെ സംരക്ഷകരായി പ്രവർത്തിക്കും.
ന്യൂസിലാൻഡ് ആദ്യമായല്ല പ്രകൃതിസവിശേഷതകളെ ആളുകളായി അംഗീകരിക്കുന്നത്. 2014 ൽ ഗവൺമെന്റ് ടെ ഉറെവേര എന്ന വലിയ വനപ്രദേശത്തിനും വ്യക്തിത്വം നൽകിയിരുന്നു. 2017 ൽ വാംഗനുയി നദിയെയും മനുഷ്യനായി അംഗീകരിച്ചിട്ടുണ്ട്.
രാജ്യത്തെ നിയമനിർമാതാക്കളിൽനിന്ന് ഏകകണ്ഠമായ പിന്തുണയോടെ തീരുമാനം അംഗീകരിക്കപ്പെട്ടു. മാവോരി വംശജർ സന്തോഷത്തോടെ ഈ തീരുമാനത്തെ വരവേറ്റു. തദ്ദേശീയരുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പായിട്ടാണ് ഈ നീക്കം കാണുന്നത്.