പല സംഭവങ്ങളിലും, സാഹചര്യങ്ങളിലൂടെ പല വളർത്തുമൃഗങ്ങളും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരത്തിൽ, മാരത്തൺ മത്സരത്തിൽ പങ്കെടുത്തുകൊണ്ട് താരമായി മാറിയ ഒരു ആടുണ്ട് ന്യൂഫൗണ്ട്ലാൻഡിൽ. ജോഷ്വ എന്നാണ് ആ ആടിന്റെ പേര്.
ന്യൂഫൗണ്ട്ലാൻഡിന്റെ കിഴക്കൻതീരത്തെ വാർഷിക ടി റെയിൽറോഡ് ട്രെക്ക് ഹാഫ് മാരത്തൺ നടക്കുകയായിരുന്നു. മത്സരാർഥികൾ ടെയ്ലർസ് പംകിൻ പാച്ച് എന്ന വ്യവസായസ്ഥാപനത്തിനു മുന്നിലൂടെ കടന്നുപോകുകയായിരുന്നു. പെട്ടെന്ന് അവർക്കൊപ്പം ഒരു അപ്രതീക്ഷിത അതിഥി കൂടി ചേർന്നു; അതൊരു ആടായിരുന്നു. ഓടുന്നവരുടെ ഉള്ളിലെ മത്സരവീര്യം ആ ആടിന്റെ കണ്ണുകളിലും നിറഞ്ഞിരുന്നു. മത്സരാർഥികൾക്കൊപ്പം ആ ആടും ഓടിത്തുടങ്ങി. മത്സരം സംഘടിപ്പിച്ചവരിൽപ്പോലും അത് അത്ഭുതം നിറച്ചു. മത്സരാർഥികൾക്കൊപ്പം ആ ആട് 2.4 മൈൽ സഞ്ചരിച്ചു.
വൈകാതെ തന്നെ ആടിന്റെ ഉടമ അതിനെ കണ്ടെത്തി. മാരത്തൺ പൂർത്തിയാക്കുന്നതിനു മുൻപുതന്നെ ജോഷ്വ ആളുകൾക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും താരമായി മാറി. അതേസമയം, ഫിനിഷിംഗ് ലൈനിൽ, മേയർ ബെന്റ്, മറ്റ് ഓട്ടക്കാരിൽനിന്ന് ജോഷ്വയുടെ പങ്കാളിത്തത്തെക്കുറിച്ചു മനസ്സിലാക്കുകയും ഒരു നിമിഷത്തെ ആശയക്കുഴപ്പത്തിനുശേഷം ആടിന് ഒരു മെഡൽ തയ്യാറാക്കാൻ തീരുമാനിക്കുകയും ചെയ്തു.
“ഞങ്ങൾ വളരെ വേഗത്തിൽ ജോഷ്വയുടെ കഴുത്തിൽ ഒരു മെഡൽ ഇട്ടു. അങ്ങനെ അവൻ ഒരു താരമായി മാറി. യഥാർഥത്തിൽ ഹാഫ് മാരത്തോണിൽ ഓടിയ മിക്ക ആളുകളും ഫിനിഷിങ് ലൈനിൽ ജോഷ്വയ്ക്കൊപ്പമുള്ള അവരുടെ ചിത്രം എടുക്കാൻ ആഗ്രഹിച്ചു” – മേയർ ബെന്റ് വെളിപ്പെടുത്തി.
ജോഷ്വ എല്ലായ്‌പ്പോഴും ജനക്കൂട്ടത്തെ ഇഷ്ടപ്പെടുന്നുവെന്നും ഓട്ടക്കാരുടെ ആവേശത്തിൽ അവനും പങ്കുചേർന്നുവെന്നും ടെയ്ലർ പറഞ്ഞു. അവരിൽ പലരും അവരുടെ വേഗത ആടിന്റെ വേഗതയ്‌ക്കൊപ്പമാക്കാൻ തീരുമാനിച്ചു. അവർ വേഗത കുറയ്ക്കുകയും വ്യത്യസ്ത ഇടവേളകളിൽ വേഗത കൂട്ടുകയും ചെയ്തു.