ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തു. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിലാണ് പുതിയ പതാക പുറത്തിറക്കിയത്. മുൻ പതാകയിൽ ഉണ്ടായിരുന്ന സെൻ്റ് ജോർജ് ക്രോസ് നീക്കം ചെയ്താണ് പുതിയ പതാക പുറത്തിറക്കിയത്.
കൊളോണിയൽ ഭൂതകാലത്തിൻ്റെ അവശേഷിപ്പുകൾ ഇല്ലാതാക്കി ഇന്ത്യൻ സമുദ്ര പൈതൃകത്തിനു യോജിച്ച പുതിയ പതാക പുറത്തിറക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണാധികാരികൾ രൂപകൽപ്പന ചെയ്ത പഴയ പതാകയിൽ സെൻ്റ് ജോർജ് ക്രോസ് ആയിരുന്നു ശ്രദ്ധാകേന്ദ്രം. വെള്ളപ്പതാകയിൽ നെറുകയും കുറുകയും ചുവന്ന വര, ഈ വരകൾ കൂട്ടിമുട്ടുന്നിടത്ത് ദേശീയ ചിഹ്നമായ അശോകസ്തംഭം, ഇടത് വശത്ത് മുകളിൽ ദേശീയ പതാക എന്നിവ ചേർന്നതായിരുന്നു നാവികസേനയുടെ പഴയ പതാക. സെൻ്റ് ജോർജ് ക്രോസ് എന്ന് അറിയിപ്പെട്ടിരുന്ന ചുവന്ന വരകൾ നീക്കം ചെയ്തു. പുതിയ പതാകയുടെ മുകളിൽ ഇടതുവശത്തായി ഇന്ത്യയുടെ ത്രിവണ പതാകയുണ്ട്.
താഴെ വലതുഭാഗത്തായി നീല അഷ്‌ടഭുജത്തിൽ ദേവനാഗിരി ലിപിയിൽ സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയ ദേശീയ ചിഹ്നമായ അശോകസ്തംഭവും ഇതിനു താഴെ നങ്കൂരവും കീഴിലായി നാവികസേനയുടെ മുദ്രാവാക്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. അഷ്‌ടഭുജത്തിൻ്റെ സ്വർണനിറഭാഗം മറാത്ത സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ രാജമുദ്രയെയാണ് പ്രതിനിധാനം ചെയ്യുന്നത്.