ഖത്തർ ലോകകപ്പിൽ ഇന്ന് നടക്കുന്ന ബ്രസീൽ-ദക്ഷിണകൊറിയ മത്സരത്തിൽ സൂപ്പർ താരം നെയ്മർ മത്സരിക്കുമെന്ന് പരിശീലകൻ ടിറ്റെ. കണങ്കാലിന് ഏറ്റ പരിക്കിൽ നിന്നും മോചിതനായ നെയ്മർ കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം കളിക്കുമെന്ന് പരിശീലകൻ ടിറ്റെ സ്ഥിരീകരിച്ചത്.
സെർബിയയ്ക്കെതിരായ പോരാട്ടത്തിലാണ് ബ്രസീൽ പ്രേമികളുടെ പ്രിയ താരം നെയ്മറുടെ കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് നടന്ന രണ്ട് മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ല. ഇതിൽ ഒരു മത്സരത്തിൽ ടീം പരാജയപ്പെടുകയും ചെയ്തിരുന്നു. ആഫ്രിക്കൻ രാജ്യമായ കാമറൂണിനോടായിരുന്നു കാനറികൾ പരാജയം ഏറ്റു വാങ്ങിയത്.
അതേസമയം ഇന്ന് നടക്കുന്ന ബ്രസീൽ-ദക്ഷിണകൊറിയ മത്സരത്തിൽ സൂപ്പർ താരത്തിൻറെ തിരിച്ചുവരവ് വലിയ പ്രതീക്ഷയോടെ ആണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നു. എന്നാൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസും, ഡിഫൻഡർ അലകസ് ടെല്ലസിൻറേയും പരിക്ക് കാനറികൾക്ക് വലിയ തിരിച്ചടിയാണ്.
ആദ്യഘട്ട മത്സരത്തിൽ കാമറൂണിനോട് തോറ്റെങ്കിലും ബ്രസീൽ തന്നെയാണ് ഗ്രൂപ്പ് ജീ- യിലെ ചാംപ്യന്മാർ. ബ്രസീൽ-ദക്ഷിണകൊറിയ പോരാട്ടങ്ങളിൽ ഏഴിൽ ആറിലും കാനറികൾ തന്നെയാണ് വിജയിച്ചതെങ്കിലും ദക്ഷിണ കൊറിയയെ നിസാരമായി അവർ കാണുന്നില്ല. കാരണം പറങ്കിപടയെ 2-1 ന് പരാജയപ്പെടുത്തിയാണ് ദക്ഷിണ കൊറിയയുടെ പ്രീക്വട്ടർ പ്രവേശനം.
ലോകകപ്പിൽ ഇന്ന് നടക്കുന്ന മറ്റൊരു പ്രീക്വാട്ടർ മത്സരത്തിൽ ജപ്പാൻ ക്രൊയേഷ്യയെ നേരിടും. മികച്ച രീതിയിലാണ് ഇരു ടീമുകളുടെയും മത്സരം എന്നതിനാൽ ജയപ്രതീക്ഷകൾ പ്രവചനാതീതമാണ്.