ഫാ. സ്റ്റാൻ സ്വാമിക്കെതിരെ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ ഫോറൻസിക് സ്ഥാപനം കണ്ടെത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമി ജയിലിൽ കഴിയവേ രോഗം മൂർച്ഛിച്ചു മരിക്കുകയായിരുന്നു. 2021 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ മരണം.
നക്‌സൽ ഗൂഢാലോചനയിൽ ഫാ. സ്റ്റാൻ സ്വാമി പങ്കാളിയാണെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടുവെന്നും സ്ഥാപിക്കാൻ എൻഐഎ മുൻപോട്ട് വെച്ച തെളിവുകൾ എല്ലാം വ്യാജമാണെന്നാണ് ബോസ്റ്റണിലെ ആഴ്‌സണൽ കൺസൾട്ടിങ് നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്. ഫാ. സ്റ്റാൻ സ്വാമിയുടെ അഭിഭാഷകരാണ് തെളിവുകൾ ഫോറൻസിക് പരിശോധനക്ക് നൽകിയത്. 2014 മുതൽ അഞ്ചുവർഷം കൊണ്ട് ഫാ. സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്താണ് ഈ തെളിവുകൾ സൃഷ്ടിച്ചതെന്നാണ് കണ്ടെത്തൽ.
എൻഐഎ ഹാജരാക്കിയ തെളിവുകളെല്ലാം തന്നെ ഫാ. സ്റ്റാൻ സ്വാമി നിഷേധിച്ചിരുന്നു. ജയിലിനുള്ളിൽ അദ്ദേഹം നരകയാതന അനുഭവിച്ചതിന് ശേഷമാണ് മരണമടഞ്ഞത്. കടുത്ത പാർക്കിൻസൺ രോഗം ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാൻ ഒരു സിപ്പർ വേണമെന്ന ആവശ്യം പോലും ദീർഘകാലം പരിഗണിച്ചിരുന്നില്ല. എൺപത്തിമൂന്നാം വയസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.