Sunday, November 24, 2024

ഖാലിസ്താന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ നീക്കം

ഇന്ത്യക്ക് പുറത്തുള്ള 19 ഖാലിസ്താന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ ഒരുങ്ങുന്നു. ഖാലിസ്താന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നീക്കം. യുഎപിഎ നിയമത്തിന്റെ സെക്ഷന്‍ 33 (5) പ്രകാരമാണ് നടപടി.

ശനിയാഴ്ച, യുഎസ് ആസ്ഥാനമായ ഖാലിസ്ഥാന്‍ ഭീകരനും സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) മേധാവിയുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് എന്‍ഐഎ കൂടുതല്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടെത്താന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍, യുഎസ്, കാനഡ, യുഎഇ, പാകിസ്താന്‍ എന്നിവയുള്‍പ്പെടെയുളള രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്താനി ഭീകരരുടെ പട്ടിക എന്‍ഐഎ തയ്യാറാക്കിയിട്ടുണ്ട്..

നേരത്തെ, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഖാലിസ്താനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെക്കുറിനെയും പ്രവര്‍ത്തനത്തെയും കുറിച്ച് വിശദമായ രേഖകള്‍ പുറത്തുവിട്ടിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകത്തില്‍ പിടികിട്ടാപ്പുള്ളിയായ ഖലിസ്താന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) ജഗ്തര്‍ സിംഗ് താരയെ ഇയാള്‍ പാകിസ്ഥാനിലെത്തി സന്ദര്‍ശിച്ചതായി ഇതില്‍ പറയുന്നു. കാനഡയിലെ ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് രഹസ്യ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സഹായിച്ച പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ അദ്ദേഹത്തെ സഹായിച്ചത് ആ കാലഘട്ടത്തിലാണ്.

Latest News