ജമ്മു കശ്മീരിലെ രജൗരിയിലുള്ള അൽ-ഹുദാ വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗ് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവിധ ഇടങ്ങളിൽ റെയ്ഡ് ആരംഭിച്ചു. ജമ്മു, ശ്രീനഗർ, പുൽവാമ, പൂഞ്ച്, ബുദ്ഗാം, രജൗരി, ഷോപിയാൻ, ബന്ദിപോറ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് എൻഐഎ സംഘത്തിൻറെ പരിശോധന പുരോഗമിക്കുന്നത്. രാജ്യത്തെ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുൻനിര സ്ഥാപനമാണ് അൽ-ഹുദ എജ്യുക്കേഷണൽ ട്രസ്റ്റ്.
സാമൂഹിക-രാഷ്ട്രീയ-മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെ 2019 ൽ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജമാഅത്തെ ഇസ്‌ലാമിയുടെ സഹസ്ഥാപനമായ അൽ-ഹുദാ വിദ്യാഭ്യാസ ട്രസ്റ്റിന്റെ സംശയാസ്‌പദമായ പ്രവർത്തനങ്ങളെ നിരീക്ഷിച്ചതിനെ തുടർന്നാണ് ട്രസ്റ്റിനെതിരെ എൻഐഎ സ്വമേധയാ കേസെടുത്തത്.
കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസിയുടെ (എസ്‌ഐഎ) നേതൃത്വത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെയും അതിന്റെ അനുബന്ധ സംഘടനയായ ഫലാ-ഇ-ആം ട്രസ്റ്റിന്റെയും (എഫ്എടി) കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ നടപടിയും ഉണ്ടായിരിക്കുന്നത്.